കൊച്ചി: വാഹനാപകടത്തിൽ ഭർത്താവ് മരിക്കുകയും കാർ പൂർണമായി തകരുകയും ചെയ്ത കേസിൽ മുഴുവൻ ഇൻഷ്വറൻസ് തുകയും ലഭിക്കാൻ കുടുംബത്തിന് അവകാശമുണ്ടെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.
സർവേയർ നൽകിയ റിപ്പോർട്ട് പ്രകാരമുള്ള തുക നൽകാതിരിക്കുന്നത് സേവനത്തിലെ ന്യൂനതയും അധാർമികതയുമാണെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ചൂണ്ടിക്കാട്ടി.
2023 മാർച്ചിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് ഭർത്താവ് മരിച്ചതുമായി ബന്ധപ്പെട്ട ഇൻഷ്വറൻസ് ക്ലെയിം നിരസിച്ച നടപടിയാണ് ഭാര്യയും മാതാവും മക്കളും കോടതിയിൽ ചോദ്യം ചെയ്തത്.
എറണാകുളം കോതമംഗലം സ്വദേശിയായ സഫിയ ഷാംസ് ഉൾപ്പെടെ അഞ്ചു പേരാണ് അപകടത്തിൽപ്പെട്ടത്.
മുൻകൂട്ടി അറിയിക്കാതെ ആർസി ബുക്ക് സറണ്ടർ ചെയ്തുവെന്നും അതിനാൽ ഫൈനൽ സർവേയറെ നിയമിക്കാൻ കഴിഞ്ഞില്ലെന്നും പറഞ്ഞാണ് ഇൻഷ്വറൻസ് നിരസിച്ചത്.
സാങ്കേതിക കാര്യങ്ങൾ ഉന്നയിച്ച് തുക നിരസിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഉപഭോക്തൃ കോടതി വിലയിരുത്തി.
ഇൻഷ്വറൻസ് തുകയായ 2 ലക്ഷം രൂപയും 25,000 രൂപ നക്ഷപരിഹാരവും 10,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം എതിർകക്ഷികൾ പരാതിക്കാർക്ക് നൽകണമെന്നും ഉത്തരവിട്ടു.
പരാതിക്കാർക്ക് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.