
വൈപ്പിൻ: മണ്ണടിയുന്നതോടെ ദേശീയ ജലപാതയിലൂടെയുള്ള ഗതാഗതം ദുസഹമാകുന്നു. കായലിന്റെ പലയിടത്തും കായൽപ്പരപ്പിൽ മണ്ണ് തെളിഞ്ഞു കാണുകയാണ്. സംസ്ഥാനത്തെ ദേശീയ ജലപാതകളിൽ ഒന്നായ കൊച്ചി-കോട്ടപ്പുറം കായലിനാണ് ദുരവസ്ഥ. ജലപാതയുടെ വൈപ്പിൻ മേഖലയിൽ വീരൻപുഴയെന്നും അറിയപ്പെടുന്നു.
അരനൂറ്റാണ്ട് മുമ്പ് വരെ മുപ്പത്തിയഞ്ചോളം യാത്രാബോട്ടുകൾ സർവീസ് നടത്തിയെങ്കിലും ഇപ്പോൾ യാത്ര സാദ്ധ്യമല്ല. വൈപ്പിൻ ദ്വീപിലെ പ്രധാനയാത്രാമാർഗമായിരുന്നു കായൽ.
 കായൽ യാത്ര ഉപേക്ഷിച്ചു
വൈപ്പിൻ മുനമ്പം റോഡ് പൂർണ്ണമാകുകയും ബസ് സർവീസ് കൂടുതലാകുകയും ചെയ്തതോടെ പൊതുജനം കായൽ ഗതാഗതം ഉപേക്ഷിച്ച് മറ്റ് മാർഗങ്ങൾ തേടി. ഇതോടെ കായൽയാത്രയുടെ പ്രസക്തി കുറഞ്ഞു. കായലിൽ അനേകം ചീനവലകൾ സ്ഥാപിക്കപ്പെട്ടു. ഒരു വിഭാഗം ജനങ്ങളുടെ ഉപജീവനമാർഗം ചീനവലകളായി. കൂടാതെ ചെറുവഞ്ചികളിലും മറ്റും മീൻ പിടിത്തം തുടരുകയും ചെയ്തു. നിലവിൽ കുറെ വർഷങ്ങളായി മണ്ണും ചെളിയും അടിഞ്ഞു കൂടി കായൽ നികന്ന് തുടങ്ങി. പലയിടത്തും കായൽ മത്സ്യത്തിൽ കര രൂപപ്പെട്ടു തുടങ്ങി. ഇതോടെ മത്സ്യബന്ധനവും സാദ്ധ്യമല്ലാത്ത സ്ഥിതിയായി.
 പരിഹാരം ഡ്രഡ്ജിംഗ് മാത്രം
കര കണ്ടു തുടങ്ങിയ കായലിൽ ഡ്രഡ്ജിംഗ് നടന്നാൽ മാത്രമേ സ്വാഭാവിക നിലയിലേക്ക് തിരിച്ചെത്തൂ. ചെലവ് കുറഞ്ഞ മാർഗം എന്നത് പരിഗണിച്ച് കായൽ വഴിയുള്ള ചരക്ക് നീക്കം സുഗമമായി നടത്താനും കഴിയും. കായലിന്റെ ആഴം വർദ്ധിപ്പിച്ച് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം പരിപോഷിപ്പിക്കാനുമാകും.
 ടൂറിസം സാദ്ധ്യതയും
കായലും ഒട്ടേറെ കൈത്തോടുകളും പൊക്കാളിപാടങ്ങളും നിറഞ്ഞ വൈപ്പിൻ ദ്വീപിൽ കായൽ ടൂറിസം നടപ്പാക്കാനാവും. അത് വഴി ചെറായി, കുഴുപ്പിള്ളി, മുനമ്പം ബീച്ച്കളോടൊപ്പം ടൂറിസം മാപ്പിൽ കായൽ ടൂറിസവും സ്ഥാനം പിടിക്കും.
കായൽ ഡ്രഡ്ജ് ചെയ്താൽ ജലഗതാഗതം , മത്സ്യ സമ്പത്ത് വർദ്ധന, കായലോര റോഡ്, ടൂറിസം വികസനം എന്നിവ സാദ്ധ്യമാകും.
സമുദായ ചന്ദ്രിക സഭ
ചെറായി
മൂന്നു ലക്ഷത്തോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ദ്വീപിൽ റോഡ് ഗതാഗതവും ജലഗതാഗതവും ഒരുപോലെ പരിഗണിക്കണം.
പി.കെ. ഭാസി, പ്രസിഡന്റ്
പള്ളിപ്പുറം പഞ്ചായത്ത് റസിഡൻസ്
അപ്പെക്‌സ് കൗൺസിൽ