പെരുമ്പാവൂർ: പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളും പാലങ്ങളും നിർമ്മിക്കാനും നവീകരിക്കാനുമായി കേന്ദ്രം നൽകിയ തുകയെ ചൊല്ലി അവകാശത്തർക്കം മുറുകുന്നു. ബെന്നി ബെഹനാൻ എം.പിയും എൽദോസ് കുന്നപ്പിള്ളി എം.എൽ.എയും ഒരുവശത്ത് നിലയുറപ്പിക്കുമ്പോൾ എതിർവശത്ത് ബി.ജെ.പി മണ്ഡലം കമ്മിറ്റിയാണ്. പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിയിൽപ്പെടുത്തി 175 കോടിയോളം രൂപയുടെ പദ്ധതികൾക്കാണ് കേന്ദ്ര മന്ത്രിസഭ അനുമതി നല്ലിയത്.

പദ്ധതി പ്രകാരം കേരളത്തിന് കേന്ദ്രം മൊത്തമായി അനുവദിച്ച തുകയിൽ 35 ശതമാനവും പെരുമ്പാവൂർ നിയോജക മണ്ഡലത്തിനാണ്. പാലങ്ങളുടേയും റോഡുകളുടേയും ലിസ്റ്റുകൾ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ശുപാർശ ചെയ്ത് ഉദ്യോഗസ്ഥതലത്തിൽ ഏകോപിപ്പിച്ച് പദ്ധതി സമർപ്പിച്ചതിനാലാണ് തുക ലഭിച്ചതെന്നാണ് എം.പിയുടെയും എം.എൽ.എയുടെയും അവകാശവാദം.

എന്നാൽ പെരുമ്പാവൂരിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. മണ്ഡലം കമ്മിറ്റി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് തുക അനുവദിച്ചതെന്ന് മറുപക്ഷം അവകാശപ്പെടുന്നു.

ഇരു വിഭാഗങ്ങളും പരസ്പരം അവകാശവാദങ്ങൾ ഉന്നയിക്കുമ്പോഴും പെരുമ്പാവൂരിന്റെ മുഖച്ഛായ മാറ്റാനുതകുന്ന തുക ലഭിച്ച ആഹ്ലാദത്തിലാണ് നാട്ടുകാർ.

തുക അനുവദിച്ച പ്രധാന പദ്ധതികൾ
ഐമുറി കവല - ഗണപതി അമ്പലം - മയിലാ ചാൽ - ഒക്കൽ - താന്നിപ്പുഴ റോഡുകൾക്കും പാലങ്ങൾക്കും - 8 കോടി

കുറിച്ചിലക്കോട് - മൂഴി -മംഗള ഭാരതി - ശ്രീ ശ്രീ രവിശങ്കർ ആശ്രമം -തോട്ടുവ ധന്വന്തരി ക്ഷേത്രം റോഡുകൾക്കും പാലങ്ങൾക്കും- 4 കോടി

ചൂരത്തോട് മേക്കപ്പാല റോഡ് - 4 കോടി

നെടുങ്ങപ്ര -കൊച്ചങ്ങാടി - ക്രാരിയേലി റോഡ് -6 കോടി

പാണ്ടിക്കാട് -നെടുങ്കണ്ണി ചൂരമുടി മീമ്പാറ റോഡ് - 5.98 കോടി

കൂവപ്പടി- അകനാട് സിറ്റി- കയ്യുത്തിയാൽ-പോക്കാമറ്റം-പുന്നക്കുഴി റോഡ് - 10.8 കോടി

കുറിച്ചിലക്കോട് - വാണിയപ്പിള്ളി - മീൻ പാറ റോഡ് - 6 കോടി

തുരുത്തി- പാണ്ടിക്കാട്-ചൂണ്ടക്കുഴി -അകനാട് റോഡ് - 7 കോടി

കുറുപ്പംപടി പാണംകുഴി - 13.52 കോടി

വെങ്ങോല പഞ്ചായത്തിൽ

എടത്തല പഞ്ചായത്ത് ജംഗ്ഷൻ - എം. ഇ എസ്. സ്കൂൾ റോഡ് - 2.25 കോടി

തൈക്കാവ് റോഡ് 16.60 കോടി

അല്ലപ്ര - വായ്ക്കര - വട്ടയ്ക്കാട്ടുപടി റോഡ് - 5 കോടി