കൊച്ചി: പീഡനക്കേസിൽ പൊലീസുകാരൻ അറസ്റ്റിലായി. ഇൻഫോപാർക്ക് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സനീഷാണ് അറസ്റ്റിലായത്. മയക്കുമരുന്ന് കേസിൽ വീഴ്ചവരുത്തിയ മറ്റൊരു സംഭവത്തിൽ എസ്.ഐയെ സസ്‌പെൻഡ് ചെയ്തു. പള്ളുരുത്തി സ്റ്റേഷനിലെ എസ്.ഐ മനോജിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഇരുകേസുകളും കൊച്ചിസിറ്റി പൊലീസിന് നാണക്കേടായി.

* കേസ് 1


45കാരിയായ തൃക്കാക്കര സ്വദേശിനിയുടെ പരാതിയിലാണ് സനീഷ് അറസ്റ്റിലായത്. ഇയാൾ കളമശേരി സ്റ്റേഷനിലുള്ളപ്പോഴായിരുന്നു കേസിന് തുടക്കം. പരാതി നൽകാൻ എത്തിയ 45കാരിയുടെ ഫോൺനമ്പർ കൈക്കലാക്കിയ പ്രതി 2021 മുതൽ നിരന്തരം പിന്തുടർന്ന് ശല്യംചെയ്തുവരികയായിരുന്നു. കഴിഞ്ഞ ജൂലായിൽ ഇവരുടെ ഫ്‌ളാറ്റിലെത്തിയ സനീഷ് പീഡിപ്പിക്കുകയായിരുന്നു. ഇത് മൊബൈലിലും പകർത്തി. കഴിഞ്ഞദിവസം വീണ്ടും സമീപിച്ചതോടെ 45കാരി പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സനീഷിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

കേസ് 2


ആറ് ഗ്രാം എം.ഡി.എം.എയുമായി പള്ളുരുത്തി തട്ടാംപറമ്പ് സ്വദേശിയായ അഷറഫ് പ്രതിയായ കേസിന്റെ അന്വേഷണത്തിൽ വീഴ്ചവരുത്തിയെന്നാണ് കണ്ടെത്തലാണ് മനോജിന് തിരിച്ചടിയായത്. സിറ്റി പൊലീസ് കമ്മിഷണറാണ് നടപടിയെടുത്തത്. കൊച്ചിയിൽ ലഹരിക്കേസുകൾ വർദ്ധിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നത്.