മൂവാറ്രുപുഴ: ചുമട്ടുത്തൊഴിലാളികൾ കൂലി വർദ്ധനവ് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തെ തുടർന്ന് മൂവാറ്റുപുഴയിൽ വ്യാപാര മേഖല സ്തംഭിച്ചു. ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന്റെ കീഴിലുള്ള മൂവാറ്റുപുഴ പൂളിലെ കയറ്റിയിറക്ക് തൊഴിലാളികളുടെ കൂലി വർദ്ധനവ് നടപ്പിലാക്കുന്നതിന് കഴിഞ്ഞ മാസം വ്യാപാരികളും തൊഴിലാളികളും തമ്മിൽ നടന്നചർച്ചകൾ പ്രകാരമുള്ള കരാർ വ്യവസ്ഥകൾ പാലിക്കുന്നതിന് ചുമട്ടുത്തൊഴിലാളികൾ തയ്യാറാകുന്നില്ലെന്നാണ് വ്യാപാരികളുടെ ആക്ഷേപം.
ചരക്കുമായി വരുന്ന വാഹനങ്ങളിൽ നിന്ന് അമിത കൂലി ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന സമരം വിവിധ വ്യാപാര മേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണെന്ന് മൂവാറ്റുപുഴയിലെ മർച്ചൻസ് അസോസിയേഷൻ അംഗങ്ങൾ പറയുന്നു. തൊഴിലാളികൾ ഇപ്പോൾ ആവശ്യപ്പെടുന്ന ഡിമാന്റുകൾ ഒരു രീതിയിലും അംഗീകരിക്കാൻ കഴിയില്ല. ചർച്ചയിലൂടെ പരസ്പര ധാരണയിൽ ഒപ്പിട്ട കരാർ വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യാൻ ചുമട്ടുതൊഴിലാളികൾ തയ്യാറായില്ലെങ്കിൽ നിലവിൽ നഷ്ടത്തിൽ ഓടിക്കൊണ്ടിരിക്കുന്ന കടകമ്പോളങ്ങൾ എന്നേന്നേക്കുമായി അടച്ചിട്ടു കൊണ്ട് പ്രതിഷേധിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് മൂവാറ്റുപുഴയിലെ മർച്ചൻസ് അസോസിയേഷൻ അംഗങ്ങൾ പറഞ്ഞു.
വിഷയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിൽ മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങലിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി കെ.എ. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ പരാതി സമർപ്പിച്ചിട്ടുണ്ട്.