കൊച്ചി: പ്രണയലേഖനമെഴുത്തിൽ മിന്നിയത് പെണ്ണുങ്ങൾ. ചങ്ങമ്പുഴ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല നടത്തിയ മത്സരത്തിൽ പ്രണയാതുരമായ കത്തിനുള്ള ആദ്യ മൂന്നു സമ്മാനങ്ങളും സ്ത്രീകൾക്കാണ്.
ഒന്നാംസ്ഥാനം കോലഞ്ചേരിയിലെ ആതിര സുകു, രണ്ടാംസ്ഥാനം എറണാകുളത്തെ മധുബൻ, മൂന്നാംസ്ഥാനം ഇടപ്പള്ളി ടോളിലെ ജൂഡിറ്റ്ജാക്‌ലിൻ എന്നിവർ നേടി.
പത്താംക്ളാസ് മുതൽ 70കാരൻ വരെയായി 67 പേർ പങ്കെടുത്ത മത്സരത്തിൽ 22 പേരായിരുന്നു വനിതകൾ. പങ്കെടുത്തവരിൽ യുവാക്കൾ വിരലിൽ എണ്ണാവുന്നവർ മാത്രമായിരുന്നു. തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നിന്നുവരെ മത്സരാർത്ഥികൾഎത്തി.
വിജയികളായ മൂന്നുപേരുടെയും പ്രണയലേഖനങ്ങൾ ഇന്ന് വൈകിട്ട് ചങ്ങമ്പുഴ ജന്മദിനാഘോഷ വേദിയിൽ വായിക്കും. ഇവർക്ക് സമ്മാനങ്ങളും നൽകും. എം.ജി. യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഒഫ് ലെറ്റേഴ്സ് അദ്ധ്യാപകരായ ഹരികുമാർ ചങ്ങമ്പുഴ, അജി കെ.നാരായണൻ എന്നിവരായിരുന്നു വിധികർത്താക്കൾ.
തലമുറകൾക്ക് പ്രണയവികാരം പകർന്നേകിയ ചങ്ങമ്പുഴയുടെ ഇക്കൊല്ലത്തെ ജന്മദിനാഘോഷങ്ങളുടെ വിഷയം പ്രേമമാണ്. അതുകൊണ്ടാണ് പ്രണയലേഖനമെഴുത്തിലും പ്രണയവീഡിയോയിലും മത്സരം സംഘടിപ്പിച്ചത്. വീഡിയോ മത്സരത്തിൽ 16 എൻട്രികൾ എത്തി. അഭിഷേക് ദാമോദരൻ (ഒന്നാംസ്ഥാനം), അൽമോയിസ് നാസർ (രണ്ടാംസ്ഥാനം), അഖിൽ ജി.ബാബു (മൂന്നാംസ്ഥാനം) എന്നിവരാണ് വിജയികൾ.
ചങ്ങമ്പുഴ ജന്മദിനാഘോഷങ്ങൾക്ക് തുടക്കം
കൊച്ചി: മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 114-ാം ജന്മദിനാഘോഷങ്ങൾക്ക് കവിയുടെ ജന്മനാടായ ഇടപ്പള്ളിയിൽ തുടക്കമായി. ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ചങ്ങമ്പുഴ പാർക്കിലാണ് ജന്മദിനാഘോഷം. ഇന്നലെ വൈകിട്ട് എൻ.എസ്. മാധവൻ പ്രഭാഷണം നടത്തി.
• ഇന്ന് വൈകിട്ട് ആറിന് എം.ജി.സർവകലാശാലാ സ്കൂൾ ഒഫ് ലെറ്റേഴ്സിലെ ഡോ.സജി മാത്യു പ്രഭാഷണം നടത്തും. തുടർന്ന് പ്രേമം എന്ന വിഷയത്തിൽ ചർച്ച. സി.എസ്. രാജേഷ്, ഡോ.വിജയരാജമല്ലിക, നടനും സംവിധായകനുമായ പ്രണവ് ഏക, എം.ജി. സർവകലാശാല ഇടപ്പള്ളി സെന്റർ ചെയർപേഴ്സൺ ഹെന, ടെസി പ്രിൻസ് എന്നിവർ പങ്കെടുക്കും.
• കവിയുടെ ജന്മദിനമായ നാളെ രാവിലെ 9ന് ചങ്ങമ്പുഴ സമാധിയിൽ പുഷ്പാർച്ചന. പത്തിന് കവിയരങ്ങിൽ വേണു വി.ദേശം, കെ.വി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 5.30ന് ഡോ.കെ.പി. മോഹനൻ ചങ്ങമ്പുഴ അനുസ്മരണ പ്രഭാഷണം നടത്തും.