മൂവാറ്റുപുഴ: മുടവൂർ തവളക്കവലയിലെ വാടകവീട്ടിലെ ടെറസിൽ അന്യ സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. അസാം സ്വദേശി ബാബുൾ ഹുസൈനെയാണ് (39) തിങ്കളാഴ്ച രാവിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ ഔട്ട്ഹൗസിൽ താമസിച്ചിരുന്ന ബാബുളിനെ വീട്ടുടമസ്ഥന്റെ സഹോദരനാണ് മരിച്ച നിലയിൽ കണ്ടത്. ഇവിടെ ദീർഘനാളായി താമസിച്ച് ജോലിചെയ്തുവരികയായിരുന്നു. ബാബുളും ഭാര്യയും ഭാര്യയുടെ സഹോദരിയും കുട്ടിയുമാണ് ഔട്ട്ഹൗസിൽ താമസിച്ചിരുന്നത്. ഇവരെ കാണാനില്ല.
മൂവാറ്റുപുഴ പൊലീസിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇന്നലെ നടന്ന പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം കൊലപാതകമെന്ന് തെളിഞ്ഞത്. ഇയാളുടെ കുടുംബത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. മൃതദേഹത്തിന് അഞ്ചുദിവസത്തോളം പഴക്കമുണ്ടായിരുന്നു.