മരട്: അങ്കമാലി - കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസിന്റെ തൃപ്പൂണിത്തുറ മുതൽ നെട്ടൂർവരെയുള്ള അലൈൻമെന്റിൽ വന്ന അകാരണമായ വളച്ചൊടിക്കലിൽ പ്രതിഷേധം ശക്തമാകുന്നു. തൃപ്പൂണിത്തുറ കിണർ ജംഗ്ഷനിൽനിന്ന് തുടങ്ങി പടിഞ്ഞാറുഭാഗത്തെ തരിശായ പാടങ്ങളിലൂടെ ജനവാസമേഖലയെ ഒഴിവാക്കി നേർദിശയിൽ പോകുമായിരുന്ന പാത ഇപ്പോഴത്തെ ത്രീഎ നോട്ടിഫിക്കേഷൻ പ്രകാരം വടക്കോട്ട് ഒരു വളവോടെയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
മരടിലെ 20, 21, 22 ഡിവിഷനുകളിലെ 66 വീട്ടുകാർ വീട് ഒഴിഞ്ഞുപോകേണ്ടിവരും. ഇപ്പോഴത്തെ ഈ അനാവശ്യവളവ് ചില തത്പരകക്ഷികളുടെ ഇടപെടൽ മൂലമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മോസ്ക് റോഡ് റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ഇത് സംബന്ധിച്ച് പ്രധാനമന്ത്രി ഉപരിതല ഗതാഗതവകുപ്പ് മന്ത്രി, കേന്ദ്രമന്ത്രി ജോർജ് കുര്യൻ എന്നിവർക്കും എൻ.എച്ച്.എ.ഐ അധികൃതർക്കും ജനപ്രതിനിധികൾക്കും നിവേദനം നൽകി.