congress

ആലുവ: ജില്ലയിൽ ഏറ്റവും അധികം ഭൂമിതരം മാറ്റം ഉൾപ്പെടെ നടക്കുന്ന കടുങ്ങല്ലൂർ വില്ലേജ് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ വലയുന്നു. സർട്ടിഫിക്കറ്റുകൾക്കും മറ്റു സേവനങ്ങൾക്കുമായി വില്ലേജ് ഓഫീസിലെത്തുന്ന ജനങ്ങൾ ആവശ്യം നിറവേറ്റാനാകാതെ നിരാശയോടെ മടങ്ങുകയാണ് പതിവ്.

ജില്ലയിൽ ഭൂമിതരം മാറ്റ അപേക്ഷ ഏറ്റവും അധികമുള്ളത് ആലങ്ങാടാണ്. രണ്ടാം സ്ഥാനമാണ് കടുങ്ങല്ലൂരിനുള്ളത്. 13 ഓളം ജീവനക്കാരുടെ തസ്തികയുള്ള ഇവിടെ പാതിയിൽ പോലും ജീവനക്കാരില്ല. ഇതു സംബന്ധിച്ച് മേലുദ്യോഗസ്ഥരോട് പരാതികൾ പറഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു പരിഹാരവുമുണ്ടായിട്ടില്ലെന്നും പരാതിയുണ്ട്.

 വില്ലേജ് തല സമിതിയും നോക്കുകുത്തി

പൊതുപ്രവർത്തകരെ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായി രൂപീകരിച്ചിട്ടുള്ള വില്ലേജ് തല സമിതിയും യഥാസമയം വിളിച്ചുചേർക്കാറില്ല. പൊതുജനങ്ങളുടെ പരാതിയിലും പരിഹാരവുമുണ്ടാവുന്നില്ല. സമിതി നോക്കുകുത്തിയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ആരോപിച്ചു.

കോൺഗ്രസ് ഉപരോധിച്ചു

ജീവനക്കാരുടെ കുറവിനെ തുടർന്ന് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം താളം തെറ്റിയതായി ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ വില്ലേജ് ഓഫീസ് ഉപരോധിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സിക്യുട്ടീവ് അംഗം വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം.പി. ജലീൽ അദ്ധ്യക്ഷത വഹിച്ചു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് കെ.എസ്. നന്മദാസ്, സുരേഷ് മുട്ടത്തിൽ, നാസർ എടയാർ, വി.ജി. ജയകുമാർ, എ.സി. സുധാദേവി, ബിന്ദു രാജീവ്, ബിന്ദു ശ്യാമസുന്ദരൻ, പി.കെ. ഷാജഹാൻ, വി.എ. സൈദ് മുഹമ്മദ്, ടി.സി. മാത്യൂസ്, ഐ.വി. ദാസൻ, ഗോപാലകൃഷ്ണൻ, റിയാസ് അലി തുടങ്ങിയവർ നേതൃത്വം നൽകി.

അനുവദിക്കപ്പെട്ടിട്ടുള്ള ജീവനക്കാരില്ലെന്ന് വില്ലേജ് ഓഫീസർ ര‌ഞ്ജിത് സമരക്കാരോട് പറഞ്ഞു. വിഷയം ജില്ലാ കളക്ടറുടെയും തഹസിൽദാരുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും സമരക്കാർ പറഞ്ഞു.