
കൊച്ചി: എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കുറി തൊടുന്നതിന് ഭക്തരിൽ നിന്ന് 10 രൂപ വീതം ഈടാക്കാനുള്ള തീരുമാനം പിൻവലിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. ക്ഷേത്ര നടപ്പന്തലിൽ നാലിടത്ത് ചന്ദനവും കുങ്കുമവും ഭസ്മവും അടങ്ങിയ തട്ട് വയ്‌ക്കാനുള്ള അവകാശം ടെൻഡർ ചെയ്ത് നൽകാനുള്ള നടപടിയെ ചോദ്യം ചെയ്യുന്ന ഹർജി പരിഗണിക്കവെയാണ് ബോർഡിന്റെ വിശദീകരണം. ഇത് രേഖപ്പെടുത്തിയ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ച് കരാർ എടുത്തവർക്കടക്കം നോട്ടീസിനു നിർദ്ദേശിച്ചു.
ശബരിമല ഇടത്താവളങ്ങളിലും ക്ഷേത്രങ്ങളിലും ചന്ദനവും കുറിയുമൊക്കെ തൊടാനുള്ള സൗകര്യം ഒരുക്കുന്നതിലൂടെ ആരും പണം പിരിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
പേട്ട തുള്ളിയെത്തുന്ന ഭക്തർക്ക് കുറിതൊടാൻ സൗകര്യം ഒരുക്കുന്നതിന് ഫീസ് ഈടാക്കാൻ അനുമതി നൽകി ടെൻഡർ നൽകാനായിരുന്നു ദേവസ്വം ബോർഡ് തീരുമാനം. ഇതിനെതിരെ എരുമേലി സ്വദേശികളായ മനോജ് എസ്. നായർ, അരുൺ സതീഷ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
പേട്ട തുളളിയെത്തി കുറി തൊടുക എന്നത് ക്ഷേത്രാചാരത്തിന്റെ ഭാഗമല്ലെങ്കിലും കാലങ്ങളായി ഭക്തർ തുടരുന്നതാണെന്ന് ദേവസ്വം ബോർഡ് അഭിഭാഷകൻ ജി. ബിജു വ്യക്തമാക്കി. ഇതിന്റെ പേരിൽ ചിലർ ഭക്തരിൽ നിന്ന് വലിയ തുക അനധികൃതമായി പിരിക്കുകയും ചെയ്തിരുന്നു. ഇതിന് പരിഹാരമായാണ് ദേവസ്വം ബോർഡ് തന്നെ സൗകര്യം ഒരുക്കാനും ഇത് ടെൻഡർ ചെയ്ത് നൽകാനും തീരുമാനിച്ചതെന്നും വ്യക്തമാക്കി.
എന്നാൽ ആരും ഇതിന്റെ പേരിൽ പണം പിരിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. വിഷയം15 ന് വീണ്ടും പരിഗണിക്കും.