കോലഞ്ചേരി: ഐരാപുരം വിമ്മല അമ്പലത്തിന് സമീപം നിരവത്ത് രാജന്റെ വീട്ടിൽ നിന്ന് 7.5 പവൻ കവർന്നു. കുന്നത്തുനാട് പൊലീസ് അന്വേഷണം തുടങ്ങി. ഒരാൾ കസ്റ്റഡിയിലായതായി സൂചനയുണ്ട്. ഇന്നലെ രാവിലെ രാജൻ പ്രഭാതസവാരിക്ക് പോയ സമയത്തായിരുന്നു മോഷണം. ഈ സമയം അമ്മയും ഭാര്യയും മരുമകളും വീട്ടിലുണ്ടായിരുന്നു.
പുറത്തേക്കുപോകുന്ന സമയത്ത് വീട് പുറത്തുനിന്ന് പൂട്ടി താക്കോൽ പുറമേതന്നെ വച്ചിരുന്നു. ഇതായിരുന്നു പതിവ്. ഈ താക്കോലെടുത്ത് തുറന്നായിരുന്നു മോഷ്ടാവ് മുറിക്കുള്ളിൽ കയറിയത്. കിടപ്പുമുറിയിലും മകന്റെ മുറിയിലും സൂക്ഷിച്ചിരുന്ന സ്വർണമാലകളാണ് കവർന്നത്. രാജൻ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. ഈ സമയം ഇവരുടെ ബന്ധുക്കളിൽ ഒരാൾ വീടിന്റെ ഗേറ്റ് കടന്നുപോകുന്നത് കണ്ടതായി മാതാവ് പൊലീസിന് മൊഴിനൽകി. ഇയാൾ നേരത്തെ സമാനമായ രണ്ടു കേസുകളിൽ പെട്ടിരുന്നു. പിന്നീട് പരാതി പിൻവലിപ്പിച്ച് കേസ് ഒതുക്കിതീർക്കുകയായിരുന്നു.