കൊച്ചി: കൊച്ചി സിറ്റി പൊലീസിന് കീഴിൽ വൈറ്റിലയിൽ ഒരു പൊലീസ് സ്റ്റേഷൻകൂടി വേണമെന്ന പൊലീസ് അസോസിയേഷന്റെ നിർദ്ദേശവും നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യവും പാടേതള്ളി ആഭ്യന്തരവകുപ്പ്. നിലവിലെ സാഹചര്യത്തിൽ പുതിയ പൊലീസ് സ്റ്റേഷൻ പരിഗണിക്കുന്നില്ലെന്ന് ആഭ്യന്തരവകുപ്പ് സർക്കാരിനെ അറിയിച്ചു. ഏറ്റവും തിരക്കുള്ളതും നിതാന്ത ജാഗ്രതവേണ്ടതുമായ മേഖലയിൽ പുതിയ സ്റ്റേഷൻ അനിവാര്യമാണെന്നായിരുന്നു ജനകീയആവശ്യം. കുറ്റകൃത്യങ്ങൾ നടന്നാൽ പലപ്പോഴും വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും പ്രതികൾ കടന്നുകളയുകയാണ്. റോഡ്, മെട്രോറെയിൽ, വാട്ടർമെട്രോ എന്നീ ഗതാഗതമാർഗങ്ങൾ സംഗമിക്കുന്ന വൈറ്റിലയിൽ കുറ്റകൃത്യങ്ങളും ഏറുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ പൊലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. നിലവിലെ സാഹചര്യത്തിൽ പൊലീസ് സ്റ്റേഷൻ തുടങ്ങാനുള്ള സ്ഥലം ഹബിൽ ലഭ്യമാണ്. ഇപ്പോൾ ഇവിടെ പൊലീസ് എയ്ഡ്‌പോസ്റ്റ് മാത്രമാണുള്ളത്.

14വർഷംമുമ്പും വെട്ടി
14വർഷംമുമ്പ് വൈറ്റിലയിൽ പൊലീസ് സ്റ്റേഷൻ ആരംഭിക്കാൻ സർക്കാർ അനുമതി ലഭിച്ചിരുന്നു. പക്ഷേ ചില ചരടുവലികളെ തുടർന്ന് ഈ സ്റ്റേഷൻ മരടിലേക്കു മാറ്റുകയായിരുന്നു. പിന്നീട് മേഖലയിലെ നാട്ടുകാർ പൊലീസ് സ്റ്റേഷൻ ആവശ്യപ്പെട്ട് പലതവണ ആഭ്യന്തരവകുപ്പിന് നിവേദനങ്ങൾ നൽകുകയും മന്ത്രിമാരോടു നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടും ഫലമുണ്ടായില്ല. ഇതിനെല്ലാമിടെയാണ് പൊലീസ് അസോസിയേഷന്റെ കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് ഇക്കാര്യം ഭാരവാഹികൾ സർക്കാരിന് മുന്നിലേക്കുവച്ചത്.

കാരണം സാമ്പത്തികം
ഒരു പൊലീസ് സ്റ്റേഷനിലേക്ക് അമ്പതോളം പൊലീസുകാർ ചുരുങ്ങിയത് വേണം. ഇതിനായി പുതിയ തസ്തിക സൃഷിക്കുകയും മറ്റും വേണ്ടിവരും. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇത് സർക്കാരിന് തലവേദനയാകും. ഈ വിഷയമാണ് പൊലീസ് സ്റ്റേഷൻ അനുവദിക്കുന്നതിൽനിന്ന് സർക്കാരിനെ പിന്നോട്ടുവലിച്ചിരിക്കുന്നത്. സിറ്റി പരിധിയിൽ 700 പൊലീസ് ഉദ്യോഗസ്ഥരുടെ കുറവ് നികത്താൻപോലും കഴിഞ്ഞിട്ടില്ല.

30 പൊലീസ് സ്റ്റേഷനുകൾ

സിറ്റി പൊലീസിൽ നാല് സബ് ഡിവിഷനുകളിലായി 30 സ്റ്റേഷനുകളാണുള്ളത്. ഇതിൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് ഉദ്യോഗസ്ഥർ ഏറെയുള്ളത്. 100ലധികം വരും. എറണാകുളം മെട്രോ പൊലീസ് സ്റ്റേഷനാണ് ഒടുവിൽ നിലവിൽവന്നത്.