തൃപ്പൂണിത്തുറ: ചിത്രപ്പുഴയാറിന്റെ തീരത്ത് തിരുവാങ്കുളം പഞ്ചായത്തിന്റെ കീഴിൽ ആക്ഷേപമില്ലാതെ പ്രവർത്തിച്ചിരുന്ന ശ്മശാനത്തിന്റെ ശനിദശ 2010ൽ പഞ്ചായത്തിനെ തൃപ്പൂണിത്തുറ നഗരസഭയിൽ ലയിപ്പിച്ചതോടെ ആരംഭിച്ചു. നഗരസഭയുടെ ഉയർന്ന കരാർതുകകാരണം നടത്തിപ്പ് ഏറ്റെടുക്കാൻ ആളില്ലാതെ ഒരു വർഷത്തിലേറെ ശ്മശാനം അടഞ്ഞുകിടന്നു. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഗ്യാസ് ചേംബറും അനുബന്ധ ഉപകരണങ്ങളും ഇതിനിടെ തുരുമ്പെടുത്ത് നശിച്ചു.
50 സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന ശ്മശാനത്തിൽ ആവശ്യത്തിലേറെ സ്ഥലമുണ്ടെങ്കിലും ഒരു വിറക് ചൂളമാത്രമേ സ്ഥാപിച്ചിട്ടുള്ളൂ. രണ്ടാമതൊരു മൃതദേഹം സംസ്കരിക്കണമെങ്കിൽ മണിക്കൂറുകൾ കാത്തിരിക്കണം.
ഇതിനിടയിലാണ് ശ്മശാനവുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങളുടെ തുടക്കം. നഗരവാസികളുടെ പ്രധാന വിനോദ കേന്ദ്രമായിരുന്ന തണ്ണീർച്ചാൽ പാർക്കിൽ തുടങ്ങാനുദ്ദേശിച്ചിരുന്ന മാലിന്യ സംഭരണകേന്ദ്രം സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് വേണ്ടെന്നുവയ്ക്കുകയും തുടർന്ന് ആരും എതിർക്കില്ലെന്ന് പ്രതീക്ഷിച്ചിരുന്ന ഇരുമ്പനം ശ്മശാനത്തിലേക്ക് മാറ്റുകയുമായിരുന്നു. കൗൺസിൽ തീരുമാനപ്രകാരം ശ്മശാനത്തിലെ തണൽമരങ്ങൾ വെട്ടിമാറ്റി അവിടെ എം.സി.എഫിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തു.
ഹിന്ദു ആചാരപ്രകാരം വീടുകളിൽ കർമ്മം കഴിഞ്ഞ് മൃതദേഹം സംസ്കരിക്കുന്ന ശ്മശാനത്തിൽ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്നാണ് ഹിന്ദു സംഘടനകളുടെ വാദം.
ശ്മശാനകോമ്പൗണ്ടിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന എം.സി.എഫിനെതിരെ
ഇരുമ്പനം എസ്.എൻ.ഡി.പി ശാഖായോഗം, എൻ.എസ്.എസ് കരയോഗം, കെ.പി.എം.എസ്, ശക്‌തി സ്വയംസഹായസംഘം, ജനകീയസമിതി, ബി.ജെ.പി, വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിനായി ആറ് സ്ഥലങ്ങൾ കണ്ടുപിടിച്ച് നഗരസഭയ്ക്ക് സമർപ്പിച്ചിരുന്നു. എന്നാൽ എം.സി.എഫിനു വേണ്ടി ശ്മശാനം തന്നെ തിരഞ്ഞെടുത്തത് ശരിയായ തീരുമാനമല്ല.
എം.എൻ. മോഹനൻ,
എസ്.എൻ.ഡി.പി ശാഖാ
സെക്രട്ടറി, തെക്കെ ഇരുമ്പനം
ഇരുമ്പനം ശ്മശാനത്തിന്റെ സ്ഥലം ശ്മശാനഭൂമിയെന്നാണ് വില്ലേജ് രേഖകളിൽ കാണുന്നത്. ഈ ഭൂമി ഏറ്റെടുത്തിട്ടുള്ളത് ശ്മശാനം പ്രവർത്തിപ്പിക്കുന്നതിനുവേണ്ടി മാത്രമാണ്. പവിത്രമായി കാത്തുസൂക്ഷിക്കണ്ടേ സ്ഥലം മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ശ്രമിച്ചാൽ ശക്തമായി എതിർക്കും.
വി. അജിത്കുമാർ,
ബി.ജെ.പി മണ്ഡലം
പ്രസിഡൻ്, തൃപ്പൂണിത്തുറ