അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട വേങ്ങൂർ നായത്തോട് റോഡും വേങ്ങൂർകിടങ്ങൂർ റോഡും ബി.എം ബി.സി നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. 6.5 കോടി രൂപ പദ്ധതി ചെലവ്. അങ്കമാലി ടൗണിൽ നിന്ന് എയർപ്പോർട്ടിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട റോഡാണ് വേങ്ങൂർനായത്തോട് റോഡ്. ഈ റോഡിന്റെ ആദ്യ ഭാഗം ഭൂമി ഏറ്റെടുത്ത് വീതി കൂട്ടി ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിച്ചിരുന്നു. റോഡിന്റെ ബാക്കി ഭൂമി ഏറ്റെടുത്ത ഭാഗം വീതി കൂട്ടി ടാർ ചെയ്യുന്നതിനും ബാക്കിയുള്ള ദൂരം 5.5 മീറ്റർ വീതിയിൽ ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിന്റെയും ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം ഉടൻ ആരംഭിക്കും. ഇതോടൊപ്പം എം.സി റോഡിനേയും അങ്കമാലി - മഞ്ഞപ്ര റോഡിനേയും ബന്ധിപ്പിക്കുന്ന വേങ്ങൂർ - കിടങ്ങൂർ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ 4 മീറ്റർ വീതിയിൽ മാത്രം സാധാരണ ടാറിംഗ് നടത്തിയിരിക്കുന്ന ഈ റോഡും 5.5 മീറ്റർ വീതിയിൽ ബി.എം ബി.സി നിലവാരത്തിൽ നിർമ്മിക്കുന്നതാണ്. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി ഈ സീസണിൽ തന്നെ പൂർത്തീകരിക്കുന്നതിനുള്ള ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു.