വൈപ്പിൻ: വില നൽകി തീറ് വാങ്ങി അരനൂറ്റാണ്ടിലധികമായി താമസിച്ചു വരുന്ന ഭൂമിയിൽ നിന്ന് വഖഫ് ബോർഡിന്റെ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം, പള്ളിപ്പുറം, ചെറായി തീരദേശമേഖലയിലെ 600 കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയനും മുനമ്പം ശാഖയും ചെറായിയിൽ പ്രകടനവും സമ്മേളനവും നടത്തും.
12ന് വൈകീട്ട് 4ന് ഗൗരീശ്വര ക്ഷേത്രത്തിന് സമീപത്ത് നിന്ന് ദേവസ്വംനടയിലേക്ക് നടത്തുന്ന പ്രകടനത്തിന് ശേഷം പഞ്ചായത്ത് ചത്വരത്തിൽ നടക്കുന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം ലീഗൽ അഡ്വൈസർ അഡ്വ. എ.എൻ. രാജൻ ബാബു ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി, യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, മുനമ്പം വേളാങ്കണ്ണി പള്ളി വികാരി ഫാ. ആന്റണി സേവ്യർ വലിയപറമ്പിൽ, മുനമ്പം അരയ മഹാസഭ പ്രസിഡന്റ് പി.പി. ഗിരീഷ്, മുനമ്പം വ്യാസ വംശോദ്ധാരിണിസഭ പ്രസിഡന്റ് വി.വി. അനിൽ,​ എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് കെ.എൻ. മുരുകൻ,​ സെക്രട്ടറി രാധാനന്ദനൻ തുടങ്ങിയവർ പ്രസംഗിക്കും. 114 ഏക്കറോളം വരുന്ന വസ്തുവകകളിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ച് കോടതിയിൽ നല്കിയ കേസിനെ തുടർന്ന് കരം അടക്കാനോ വസ്തു ഈടുവച്ച് വായ്പ എടുക്കാനോ സാധിക്കാത്ത അവസ്ഥയിലാണ് അറുന്നൂറോളം കുടുംബങ്ങൾ. വേളാങ്കണ്ണി പള്ളി, സെമിത്തേരി കോൺവെന്റ് തുടങ്ങിയവയും ഈ വസ്തുവകകളിൽ ഉൾപ്പെടുന്നു.