padam
വെള്ളക്കെട്ടിലായ കീഴ്മാട് ഗ്രാമപഞ്ചായത്തിലെ മഹിളാലയം ചിറയപ്പാടം

ആലുവ: അറ്റകുറ്റപ്പണി മുടങ്ങിയതിനെ തുടർന്ന് പൊതുതോട് മാലിന്യം നിറഞ്ഞും ചെടികൾ വളർന്നും കാണാതായതോടെ കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ചിറയപ്പാടം വെള്ളക്കെട്ടിലായി. ഇതോടെ അവശേഷിച്ച കർഷകരും കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലായി. മഹിളാലയം സ്കൂളിനും ശിവഗിരി സ്കൂളിനും ഇടയിലുള്ള 50 ഏക്കറോളം വരുന്ന പാടശേഖരമാണ് വെള്ളക്കെട്ടിനെ തുടർന്ന് കൃഷി പൂർണമായി ഉപേക്ഷിക്കുന്ന അവസ്ഥയിലായത്. പാടശേഖരത്തിന് നടുവിലൂടെ കടന്നുപോയിരുന്ന തോടാണ് ഒരു പതിറ്റാണ്ടോളമായി അറ്റകുറ്റപ്പണിയില്ലാതെ നശിച്ചത്. പഞ്ചായത്തും കൃഷിഭവനും മുൻകൈയെടുത്താണ് മുൻകാലങ്ങളിൽ നവീകരണം നടത്തിയിരുന്നതെന്ന് കർഷകർ പറയുന്നു. വർഷക്കാലത്ത് മഴ വെള്ളം പെരിയാറിലേക്ക് ഒഴുകി പോകുന്നതും ഇതിലൂടെയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയാണ് നിലവിൽ പാടശേഖരത്തിലെ വെള്ളക്കെട്ടിന് മുഖ്യകാരണം. മൂന്ന് പൂവ് കൃഷി ചെയ്തിരുന്ന ഇവിടെ വിത്തിറക്കാൻ നിലമൊരുക്കുന്നതിന് മുമ്പ് ആദ്യം തോട് നന്നാക്കുമായിരുന്നു. വെള്ളം കെട്ടിക്കിടക്കുന്നതോടെ പച്ചക്കറിയും വാഴയുമടക്കം ഇടവിള ചെയ്തവരും കൃഷിയിൽ നിന്നകന്നു.
വർഷം മുഴുവൻ വെള്ളക്കെട്ടായതോടെ പാടശേഖരത്താട് ചേർന്നുള്ള തെങ്ങുകളും വേര് ചീഞ്ഞ് കേടായി തുടങ്ങിയതായി കർഷകർ പറയുന്നു. കർഷകർ ഗ്രാമസഭയിലും കൃഷിഭവനിലും പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം.