ആലുവ: കല സാമൂഹിക മാറ്റത്തിന് എന്ന സന്ദേശവുമായി കാലടി ശ്രീശങ്കരാ സ്കൂൾ ഓഫ് ഡാൻസിലെ എട്ട് അദ്ധ്യാപികമാർ കാലിക പ്രസക്തമായ മുല്ലപ്പെരിയാർ വിഷയത്തിന്റെ നൃത്താവിഷ്കാരം 13ന് വൈകിട്ട് അഞ്ചിന് ആലുവ ടാസ് ഹാളിൽ അവതരിപ്പിക്കും.
വയനാട് ദുരന്തം, സുർക്കി നിർമ്മിത തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർച്ച, ഗുജറാത്തിലെ മാച്ചു അണക്കെട്ട് ദുരന്തം എന്നിവയുടെ പശ്ചാത്തലത്തിലാണ് 12 മിനിട്ട് ദൈർഘ്യമുള്ള നൃത്തം ചിട്ടപ്പെടുത്തിത്. ശ്രീ ശങ്കരാ സ്കൂൾ ഒഫ് ഡാൻസ് പ്രൊമോട്ടർ പ്രൊഫ. പി.വി. പീതാംബരനാണ് രചന നിർവഹിച്ചത്. നൃത്ത ഏകോപനം സുധാ പീതാംബരനും സംഗീത സംവിധാനം ബാബുരാജ് പെരുമ്പാവൂരുമാണ്.
സീനിയർ അദ്ധ്യാപിക രഹന നന്ദകുമാറിന്റെ നേതൃത്വത്തിൽ അനുപമ അനിൽകുമാർ, ശിശിര ഷണ്മുഖൻ, അഖില ശിവൻ, ജി. ദേവപ്രിയ, ആർദ്രപ്രസാദ്, തേജ പ്രഭാത്, അതുല്യ വിജയൻ, എസ്. ശരണ്യ എന്നിവരാണ് അണിനിരക്കുക.
ആലുവ ടാസിന്റെയും സഹകരണത്തോടൊണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്ഘാടന യോഗത്തിൽ പ്രസിഡന്റ് എസ്. പ്രേംകുമാർ ദീപം തെളിക്കുമെന്ന് സംഘാടകരായ എസ്.എസ്.ഡി പ്രമോട്ടർ പ്രൊഫ. പി.വി. പീതാംബരൻ, ആലുവ ടാസ് സെക്രട്ടറി സി.എൻ.കെ. മാരാർ, ട്രഷറർ കെ.ജി. മണികണ്ഠൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.