sahodaya
കോൽക്കളിയിൽ ഒന്നാം സ്ഥാനം നേടിയ വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ ടീം.

മൂവാറ്റുപുഴ: 'അവിടെ താളം മിൽപോ മിൽപോ പോ പോ വടക്കൻ രണ്ട് താളം താകൃത് തായിപോ" ചടുല താളത്തിൽ ആടിതിമിർത്ത വാഴക്കുളം കാർമൽ പബ്ലിക് സ്‌കൂളിലെ പ്രതിഭകൾ കോൽക്കളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. പരിശുദ്ധ ഖുർ ആനിലെ സൂക്തങ്ങൾ ഉരുവിട്ട് തുടങ്ങിയ കോൽക്കളി അനശ്വര പ്രണയ കഥയായ ലൈ മജ്‌നുവിനെ ആസ്പദമാക്കി മഹാകവി മൊയിൻകുട്ടി വൈദ്യർ ചിട്ടപ്പെടുത്തിയ ആനെ മദനപൂ കനി തേനാളെ എന്ന് തുടങ്ങുന്ന വരികൾ ഹിന്ദുസ്ഥാൻ ഗർവ് ശൈലിയിൽ പാടിയാണ് കാർമൽ ജേതാക്കളായത്. കോഴിക്കോട് കോയ ഗുരുക്കളുടെ ശിക്ഷണത്തിൽ ഡാനിയൻ, ഷിബു തോമസ്, മനാഫ് അഷ്‌റഫ്, ജോസഫ് ജിജി, ഏണസ്റ്റോ വർഗീസ്, എബൽ ജോജോ, അലക്‌സ് ജോസ് ജിമ്മി, ആരവ് ജഗദീഷ്, സൽമാൻ, ഫാരീസ്, ആദിനാഥ് അശോക്, അസ്ലഹ് സ്വാലിഹ്, ഡെൽവിൻ സജു, ക്രിസ്റ്റി പി. ജോജോ എന്നിവരാണ് കോൽക്കളിയിൽ വിസ്മയം തീർത്തത്. കഴിഞ്ഞ മൂന്ന് സഹോദയ മത്സരങ്ങളിലും ഈ വിഭാഗത്തിൽ വിജയിച്ച കാർമൽ ഇക്കുറി ഹാട്രിക് വിജയമാണ് കരസ്ഥമാക്കിയത്. ആതിഥേയരായ നിർമല പബ്ലിക് സ്‌കൂളിനാണ് രണ്ടാം സ്ഥാനം. ഇരു സ്‌കൂളുകൾക്കും പാലക്കാട് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാം.