mookambika-temple-

പറവൂർ: ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ദുർഗാഷ്ടമി ദിനമായ ഇന്ന് വൈകിട്ട് പൂജവയ്ക്കും. പുസ്തകങ്ങൾ, സംഗീതോപകരണങ്ങൾ, ആയുധങ്ങൾ എന്നിവയാണ് ഭക്തർ പൂജവയ്ക്കുന്നത്. വൈകിട്ട് ക്ഷേത്രം തന്ത്രി പുലിയന്നൂർ ഹരിനാരായണൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി കെ.ബി. അജിത്ത്കുമാറിന്റെയും മുഖ്യകാർമ്മികത്വത്തിൽ ദുർഗാപൂജയ്ക്കു ശേഷം നാലമ്പലത്തിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് പൂജവയ്പ്.

വൈകിട്ട് നടതുറന്നതിനു ശേഷമുള്ള പൂജ കഴിഞ്ഞാൽ പൂജയ്ക്കുവയ്ക്കുന്ന പുസ്തകങ്ങളും മറ്റും പ്രത്യേക കൗണ്ടറിൽ സ്വീകരിച്ചു തുടങ്ങും. രാത്രി നടയടയ്ക്കും വരെ തുടരും. 13വരെ രാവിലെ ഏട്ട് മുതൽ രാത്രി പത്ത് വരെ നവരാത്രി സംഗീതമണ്ഡപത്തിൽ സംഗീതാർച്ചനയും വിവിധ കലാപരിപാടികളും നടക്കും. വിജയദശമി ദിനമായ 13ന് പുല‌ർച്ചെ അഞ്ചിന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം. ഇരുപതിലധികം ഗുരുക്കന്മാരാണ് കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കുന്നത്. നാലമ്പലത്തിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് വിദ്യാരംഭം. രാവിലെ 11 മുതൽ പ്രസാദഊട്ട് നടക്കും. വൈകിട്ട് കഷായ നിവേദ്യത്തിന് ശേഷം മംഗളപൂജയോടെ നടയടക്കും. വൈകിട്ട് ഏഴിന് ടി.എച്ച്. സുബ്രഹ്മണ്യത്തിന്റെ വയലിൻസോളോ നടക്കും.