ബാർ ലൈസൻസ് പുതുക്കാനാകില്ല
കൊച്ചി: പാട്ടക്കുടിശിക അടയ്‌ക്കാത്ത ട്രിവാൻഡ്രം ടെന്നിസ് ക്ലബിന്റെ ഭൂമി നിയമപരമായി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന് സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി. 31.27 കോടി രൂപ അടയ്‌ക്കാനുള്ളതിനാൽ ബാർ ലൈസൻസ് പുതുക്കാത്ത സർക്കാർ നടപടി ശരിവച്ചാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച്, ഒരു കോടി രൂപ അടച്ചാൽ 2024-25ലെ ബാർ ലൈസൻസ് താത്കാലികമായി പുതുക്കി നൽകാമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലും ഡിവിഷൻബെഞ്ചിൽ എത്തിയിരുന്നു.
കവടിയാറിലെ ടെന്നിസ് ക്ലബിന് 4.27 ഏക്കർ ഭൂമിയാണുള്ളത്. പാട്ടക്കുടിശിക ആവശ്യപ്പെട്ട് ജില്ലാ കളക്ടർ പലവട്ടം നോട്ടീസ് അയച്ചിരുന്നു. കുടിശിക തീർക്കാത്തതിനാൽ ബാർ ലൈസൻസ് പുതുക്കാനാവില്ലെന്നും സർക്കാർ അറിയിച്ചു.
പാട്ടക്കുടിശിക ഉണ്ടായിട്ടും എക്‌സൈസ് വകുപ്പ് 2020 വരെ ബാർ ലൈസൻസ് പുതുക്കി നൽകി. കളക്ടർ നിർദ്ദേശിച്ച ശേഷമാണ് ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നിരസിച്ചത്. സർക്കാർ നടപടിയിൽ തെറ്റില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്. ഈ സാഹചര്യത്തിൽ സർക്കാരിന്റെ അപ്പീലും തീർപ്പാക്കി.