നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പ്രതിസന്ധി
കൊച്ചി: തൃശൂർ പൂരം നടത്തിപ്പിൽ ഈ വർഷം അനുഭവിക്കേണ്ടി വന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണെന്നും ഇത് സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ കോമൺ ഫോറം ആവശ്യപ്പെട്ടു.
വനംവകുപ്പ് സർക്കുലർ പ്രകാരം ആനകളിൽ നിന്ന് തീവെട്ടികൾ, താളമേളങ്ങൾ എന്നിവ 50 മീറ്റർ അകലംപാലിക്കണമെന്ന നിബന്ധന വലിയ ബുദ്ധിമുട്ടുണ്ടാക്കി. ആരുടെ പ്രേരണയിലാണ് ഈ ഉത്തരവെന്ന് അന്വേഷിക്കണം. ജില്ലാഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം അനിമൽ ഹസ്ബെൻഡറി ഡെപ്യൂട്ടി ഡയറക്ടറുടെയും ജില്ലാ മൃഗ സംരക്ഷണ വകുപ്പ് ഓഫീസറുടെയും സാന്നിദ്ധ്യത്തിൽ അമ്പതോളം ഡോക്ടർമാർ പരിശോധിച്ച് എഴുന്നള്ളിപ്പുകളിൽ പങ്കെടുപ്പിക്കുന്നതിന് അനുമതി നൽകിയ ആനകളെ വനംവകുപ്പിന്റെ അസി. വെറ്ററിനറി ഓഫീസർമാർ വീണ്ടും പരിശോധിക്കണമെന്ന ഉത്തരവ് വകുപ്പുകൾ തമ്മിലുള്ള തർക്കത്തിന് കാരണമാവുകയും മൃഗസംരക്ഷണവകുപ്പ് പരിശോധനയിൽ നിന്ന് പിൻമാറുകയും ചെയ്തു. ഇതും ദേവസ്വങ്ങളെ സമ്മർദ്ദത്തിലാക്കി.
വിവിധ വകുപ്പുകൾ പരിശോധിച്ച് അനുമതി നൽകിയ ആനകളിൽ 13 എണ്ണത്തെ എഴുന്നള്ളിപ്പുകളിൽ നിന്ന് ഒഴിവാക്കി പൂരദിവസം രാവിലെ ഹൈറേഞ്ച് സർക്കിളിന്റെ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ആർ.എസ്. അരുണിന്റെ നിർദ്ദേശപ്രകാരം തൃശൂർ സാമൂഹ്യ വനവത്കരണ വിഭാഗം ഡെപ്യൂട്ടി കൺസർവേറ്റർ ഉത്തരവിറക്കിയതും പൂരം നടത്തിപ്പിനെ പ്രതിസന്ധിയിലാക്കിയെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് എന്നിവർ സംയുക്ത കുറിപ്പിൽ വ്യക്തമാക്കി.
അതിനെക്കുറിച്ച് അരുണും വനം വകുപ്പ് ഗവൺമെന്റ് പ്ലീഡർ നാഗരാജ് നാരായണനും ചേർന്ന് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് കോടതിയിൽ ബോധിപ്പിച്ചതെന്നും ഇരുവരും കുറ്റപ്പെടുത്തി. പൂരം അലങ്കോലപ്പെട്ടതിൽ നാഗരാജ് നാരായണന്റെ പങ്ക് അന്വേഷിക്കണം.
അഡിഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിന് തയ്യാറാക്കിയ നാട്ടാന പരിപാലന ചട്ടങ്ങളുടെ ഭേദഗതിയുടെ കരട് ദേവസ്വങ്ങളോ മറ്റു സംഘടനകളോ ആയി ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനിച്ചതാണെന്നും ഇരുവരും കുറ്റപ്പെടുത്തി. ഇത് കേരളത്തിലെ ഉത്സവങ്ങളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്നും ഈ കരട് രേഖ ഉടനടി പിൻവലിച്ച് 2012ലെ നാട്ടാന പരിപാലന ചട്ടങ്ങൾ നിലനിർത്തണമെന്നും ഇരുവരും അഭ്യർത്ഥിച്ചു.
ഈ വിഷയങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും വനംവകുപ്പ് ഗവൺമെന്റ് പ്ലീഡറെ മാറ്റണമെന്നും ഇരുദേവസ്വങ്ങളും ആവശ്യപ്പെട്ടു. മറ്റ് ആരോപണവിധേയരുടെ പ്രവർത്തനങ്ങളും വരുമാനസ്രോതസും വിദേശബന്ധത്തെയും ഫോൺ രേഖകളും സി.ബി.ഐ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു.