ആലുവ: ആലുവ - കാലടി റോഡിൽ ദേശത്ത് ട്രിനിറ്റി ഗാർഡൻ ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു. പൊതുകാനക്ക് സ്ളാബില്ലാത്തതാണ് അപകടത്തിന് കാരണം. ചൊവ്വാഴ്ച രാത്രി കുഴിയിൽ ചാടി നിയന്ത്രണം വിട്ട ബൈക്ക് കാനായിലേക്ക് വീണ് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. മുടിക്കൽ സ്വദേശി ബാദുഷ, മൂവാറ്റുപുഴ സ്വദേശി ബില എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
ആലുവയിൽ നിന്നും കാലടി ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവർ. റോഡിന്റെ സൈഡിൽ അശാസ്ത്രീയമായി സ്ലാബ് ഇടാതെ നിർമ്മിച്ച ലിഫ്റ്റ് ഇറിഗേഷൻ കനാലിന്റെ ഭാഗമായ ഒഴുക്കുചാലിൽ ഇവർ വാഹനത്തോടൊപ്പം വീഴുകയായിരുന്നു. ദേശം റണ്ണേഴ്‌സ് ഗ്രൂപ്പ് അംഗങ്ങളാണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.
അപകടങ്ങൾ പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് ജനസേവ ചെയർമാനും സാമൂഹ്യ പ്രവർത്തകനുമായ ജോസ് മാവേലി ആരോപിച്ചു.