മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമല പബ്ലിക് സ്‌കൂളിൽ മൂന്ന് ദിവസമായി നടന്ന സെൻട്രൽ കേരള സഹോദയ സി.ബി.എസ്.ഇ. കലോത്സവം സമാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ സി.ബി.എസ്.ഇ. സ്കൂളിൽ നിന്നായി നാലായിരത്തോളം ബാല - കൗമാര പ്രതിഭകൾ മാറ്റുരച്ച കലോത്സവത്തിൽ വിജയികളായവർക്ക് പാലക്കാട് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാം. ആതിഥേയരായ മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ സെൻട്രൽ കേരള സഹോദയതല ഓവറോൾ ചാമ്പ്യന്മാരായി. അവസാന മത്സരവും പൂർത്തിയായപ്പോൾ 963 പോയിന്റുമായി നിർമല കപ്പിൽ മുത്തമിട്ടു. വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ 763 പോയിന്റുമായി രണ്ടാമതെത്തി. തൊടുപുഴ വിമല പബ്ലിക് സ്കൂൾ (528) മൂന്നാമതും, വാളകം ബ്രൈറ്റ് പബ്ലിക് സ്കൂൾ (522) നാലാമതുമായി.

പ്രധാന വേദിയിൽ നടന്ന സമാപന സമ്മേളനം കോതമംഗലം രൂപത വികാരി ജനറൽ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ അദ്ധ്യക്ഷനായി. അഖില കേരള സഹോദയ പ്രസിഡന്റ് ഫാ. സിജൻ പോൾ ഊന്നുകല്ലേൽ, സഹോദയ സെക്രട്ടറി ജൈന പോൾ, ഫാ. ജോൺസൺ പാലപ്പിളളി, ഫാ. പോൾ ചൂരത്തൊട്ടി, സിസ്റ്റർ ലിജിയ എഫ്.സി.സി, രാജേഷ് പൊന്നുംപുരയിടം, അഡ്വ. സി.വി. ജോണി തുടങ്ങിയവർ പ്രസംഗിച്ചു. ജോബി പാല അവതരിപ്പിച്ച മിമിക്സ് പരേഡും ഉണ്ടായിരുന്നു.