കൊച്ചി: ലോകപ്രശസ്ത സംഗീതജ്ഞൻ അലൻ വാക്കറുടെ സംഗീതനിശയ്‌ക്കിടെയുണ്ടായ കൂട്ട മൊബൈൽ ഫോൺ മോഷണത്തിന് പിന്നിലെ സംഘത്തെ തേടി പൊലീസ് മുംബയിലേക്ക്. ഇന്ന് ഒരു ടീം പുറപ്പെടും. കൊച്ചിയിൽ നിന്ന് നഷ്ടപ്പെട്ട ഐ ഫോണുകളുടെ ഒടുവിലെ ലൊക്കേഷനുകൾ മുംബയ്, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ്.
പരാതികളുടെ എണ്ണം മുപ്പത്തിയാറായി. ഗോവയിലും ചെന്നൈയിലും നടന്ന അലൻ വാക്കർ ഡി.ജെ. ഷോയ്ക്കിടെ സമാന കവർച്ച നടന്നിരുന്നു. കൃത്യമായ ആസൂത്രണത്തോടെ പ്രീമിയം ടിക്കറ്റെടുത്ത് കവർച്ചാ സംഘം കാണികൾക്കിടയിൽ നുഴഞ്ഞുകയറിയാണ് ഫോണുകൾ മോഷ്ടിച്ചത്.
ഷോ ബുക്ക് ചെയ്ത് കൊച്ചിയിലെ ഹോട്ടലുകളിൽ താമസിച്ചവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഷോയുടെ വീഡിയോ ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും നഷ്ടപ്പെട്ട ഫോണുകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു.
ഞായറാഴ്ച ബോൾഗാട്ടി പാലസ് ഗ്രൗണ്ടിലായിരുന്നു സംഗീതനിശ. ആറായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിയുടെ വി.ഐ.പി ഗേറ്റിലായിരുന്നു മോഷണം. തിക്കും തിരക്കും പാട്ടിന്റെ അമിതശബ്ദവും മുതലെടുത്തായിരുന്നു കള്ളന്മാർ ആറാടിയത്. മോഷണം പോയതിൽ ഏറെയും ഐ ഫോണുകളാണ്.
പ്രത്യേക സംഘം ഇതര സംസ്ഥാനങ്ങളിൽ പരിശോധന നടത്തും. സൂചനകൾ ലഭിച്ചിട്ടുണ്ട്
പുട്ട വിമലാദിത്യ
കമ്മിഷണർ
കൊച്ചി സിറ്റി പൊലീസ്