കൊച്ചി: അഴിമതിയെച്ചൊല്ലി അടിപിടിയുണ്ടായ സി.പി.എം പൂണിത്തുറ ലോക്കൽ കമ്മിറ്റി പിരിച്ചുവിടാൻ എറണാകുളം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. തൃക്കാക്കര ഏരിയാ കമ്മിറ്റിയംഗം വി.പി. ചന്ദ്രനെയും പൂണിത്തുറ ലോക്കൽ കമ്മിറ്റിയംഗം സുരേഷ് ബാബു, ചമ്പക്കര വല്ലൂർ ബ്രാഞ്ച് സെക്രട്ടറി ബി. ബൈജു, അയ്യങ്കാളി ബ്രാഞ്ച് സെക്രട്ടറി സൂരജ് ബാബു, അയ്യങ്കാളി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ.എസ്. സനീഷ് എന്നിവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചതായാണ് സൂചന.
കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവത്തിൽ ലോക്കൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.ആർ. സത്യന്റെ പരാതിയിൽ ആറ് പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃക്കാക്കര ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള പൂണിത്തുറ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി ടി.പി. ദിനേശനും മറ്റു ചിലർക്കുമെതിരെ ഒരു വർഷത്തിലേറെയായി പുകയുന്ന അഴിമതി ആരോപണങ്ങളാണ് പാർട്ടിയെ നാണം കെടുത്തിയ സംഭവങ്ങളിലേക്ക് നയിച്ചത്.
ദിനേശനെ സംരക്ഷിക്കാൻ നടന്ന ശ്രമങ്ങളെ ചോദ്യം ചെയ്തതാണ് പേട്ട ജംഗ്ഷനിലെ പാർട്ടി ഓഫീസിലും റോഡിലും തമ്മിലടിക്കാൻ വഴിയൊരുക്കിയത്. ഓഫീസിനു പുറത്തുണ്ടായിരുന്ന പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ച് സെക്രട്ടറിമാരും മറുപക്ഷത്തിനൊപ്പം ചേർന്നു. ലോക്കൽ സെക്രട്ടറി സത്യനും ലോക്കൽ കമ്മിറ്റിയംഗങ്ങളായ ഇ.കെ.സന്തോഷും ബി. അനിൽകുമാറും മറുപക്ഷത്തെ ആറുപേരും പരിക്കേറ്റ്ചികിത്സയും തേടി.
ഇതേ വിഷയത്തിൽ രണ്ടു മാസം മുമ്പ് പൂണിത്തുറ ലോക്കൽ കമ്മിറ്റിയിലെ ഏഴ് അംഗങ്ങളും 15 ബ്രാഞ്ച് സെക്രട്ടറിമാരിൽ പത്തു പേരും രാജി സമർപ്പിച്ചിരുന്നു. ദിനേശനെ ചുമതലയിൽ നിന്ന് മാറ്റിയാണ് അന്ന് പ്രശ്നം പരിഹരിച്ചത്.
മൂവാറ്റുപുഴയിലും നടപടി
സി.പി.എം. മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയംഗം ജയപ്രകാശിനെതിരെ അച്ചടക്ക നടപടിയെടുക്കാനും ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചിട്ടുണ്ട്. വനിതാ പ്രവർത്തകരോട് മോശമായ രീതിയിൽ സംസാരിച്ചതിനാണ് നടപടി.