കൊച്ചി: പൗരാണിക ക്ഷേത്രമായ പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പുലവാണിഭമേള നടത്തിപ്പ് കൊച്ചിൻ ദേവസ്വംബോർഡ് ഏറ്റെടുത്തു. കഴിഞ്ഞവർഷംതന്നെ മേള ദേവസ്വം നേരിട്ട് നടത്തണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായെങ്കിലും ബോർഡ് പാലിച്ചിരുന്നില്ല. ദേവസ്വം തൃപ്പൂണിത്തുറ അസി. കമ്മിഷണറുടെ മേൽനോട്ടത്തിൽ മേള നേരിട്ട് നടത്താനാണ് ഉത്തരവ്. ഇതിനായി സ്റ്റാളുകൾ അളന്നുതിരിച്ച് വാടകയ്ക്ക് നൽകും. വർഷങ്ങളായി വമ്പൻ വെട്ടിപ്പാണ് ഈ ചടങ്ങിന്റെ പേരിൽ നടന്നുവന്നിരുന്നത്.

ആചാരപ്രധാനമായ പുലവാണിഭം പതിറ്റാണ്ടുകളായി വ്യാപാരമേളയായി മാറി. ക്ഷേത്രത്തിന്റെ വടക്കേവെളിയിലെ ഭൂമി ഉപദേശക സമിതിയുടെ പേരിൽ പണംപിരിച്ച് നൂറിലേറെ സ്റ്റാളുകൾക്ക് നൽകും. ദേവസ്വംബോർഡിന് ഒരു നിയന്ത്രണവുമില്ല. എത്രരൂപ പിരിക്കുന്നുവെന്നോ ആരെക്കെയാണ് വ്യാപാരം നടത്തുന്നുവെന്നോ കൈയും കണക്കുമില്ല. സമിതി സമർപ്പിക്കുന്ന കണക്കാണ് കണക്ക്. പരിശോധനയോ ഓഡിറ്റിംഗോ ഒന്നുമില്ല. പരാതികളെ തുടർന്നാണ് കഴിഞ്ഞവർഷം മേള ദേവസ്വം നേരിട്ട് നടത്തണമെന്ന് ഹൈക്കോടതി ദേവസ്വംബെഞ്ച് നിർദേശിച്ചത്.

ഒരുദി​വസത്തെ പുലവാണിഭം വ്യാപാരമേളയായി മാറിയശേഷം മാസത്തിലേറെ നീളും. കഴിഞ്ഞവർഷം 112 സ്റ്റാളുകൾ ഉണ്ടായിരുന്നു. ഇതിൽനിന്ന് ഉപദേശക സമിതി ദേവസ്വത്തിന് നൽകിയത് 2,26,750 രൂപ. തൊട്ടുചേർന്നുള്ള ആദിപരാശക്തി ക്ഷേത്രത്തി​ന് കഴിഞ്ഞവർഷം 18കടകളിൽനിന്ന് ലഭിച്ചത് 1,52,000 രൂപ. നഷ്ടക്കച്ചവടാണ് മേളയെന്നാണ് ഉപദേശകസമി​തി​ സമർപ്പി​ച്ച കണക്ക്.

• പുലവാണിഭം

പട്ടികജാതി, വർഗ പിന്നാക്ക വിഭാഗങ്ങൾക്ക് കൊച്ചി രാജാവ് 1700ൽ ക്ഷേത്രപ്രവേശനം അനുവദിച്ച ധനുമാസത്തിലെ അവസാന വ്യാഴത്തിലായിരുന്നു പുലവാണിഭം. ക്ഷേത്രദർശനത്തിനെത്തുന്ന പിന്നാക്കവിഭാഗങ്ങൾ അവരുടെ തനത് ഉത്പന്നങ്ങൾ ക്ഷേത്രഭൂമിയിൽ വിൽക്കുകയും ചെയ്യും.

• വ്യാപാരമേളയാക്കരുത്

പുലവാണിഭമേള ആചാരപ്രധാനമാണ്. അത് വ്യാപാരമേളയാക്കാനാണ് ദേവസ്വം ബോർഡും ശ്രമിക്കുന്നത്. പരമ്പരാഗത ഉത്പന്നങ്ങൾ വിൽക്കാനെത്തുന്ന പാവപ്പെട്ടവർക്ക് സൗജന്യമായാണ് ദേവസ്വം ഭൂമിനൽകേണ്ടത്. പുലവാണിഭമേളയുടെ പേരിൽ ഇതുവരെ നടന്നത് കോടികളുടെ വെട്ടിപ്പാണ്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം.

സുരേഷ് പടക്കാറ

ഭക്തൻ

• നടപടി​കൾ തുടങ്ങി​

പുലവാണി​ഭ മേള നേരി​ട്ട് നടത്താൻ ദേവസ്വം നടപടി​കൾ തുടങ്ങി​. സ്റ്റാളുകൾക്ക് സ്ഥലം അളന്ന് തി​രി​ച്ചുനൽകും. ടെൻഡറോ ലേലമോ ഉണ്ടാകും.

യഹുൽദാസ്, തൃപ്പൂണി​ത്തുറ അസി​. കമ്മി​ഷണർ

കൊച്ചി​ൻ ദേവസ്വംബോർഡ്