
ചോറ്റാനിക്കര ∙: പഞ്ചാരിമേളത്തിന്റെ പതികാലസുഖം ഉണർത്തി ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പവിഴമല്ലിത്തറ മേളം ദുർഗാഷ്ടമി നാളായ ഇന്ന് കൊട്ടിക്കയറും . ചോറ്റാനിക്കരയമ്മയുടെ മൂലസ്ഥാനമായി ആരാധിച്ചു വരുന്ന പവിഴമല്ലിത്തറയ്ക്കു മുന്നിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു തുടർച്ചയായി 11-ാം വർഷമാണ് മേളം നടക്കുന്നത്. 11 വർഷം നടൻ ജയറാമായിരുന്നു മേളപ്രമാണിയെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം ചോറ്റാനിക്കര സത്യൻ നാരായണ മാരാർ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
ഇടന്തലയിൽ ചോറ്റാനിക്കര സത്യൻ നാരായണൻമാരാർ, ആനിക്കാട് കൃഷ്ണകുമാർ, ആനിക്കാട് ഗോപകുമാർ ഉൾപ്പെടെ 17 പേരും വലന്തലയിൽ തിരുവാങ്കുളം രഞ്ജിത്ത്, ഉദയനാപുരം മണി മാരാർ, പുറ്റുമാനൂർ മഹേഷ് മാരാർ അടക്കം 50പേരും അണിനിരക്കും . ചോറ്റാനിക്കര വേണുഗോപാൽ, ചോറ്റാനിക്കര ജയൻ, ചോറ്റാനിക്കര സുനിൽ, രവിപുരം ജയൻ, ചോറ്റാനിക്കര രാജു ബാഹുലേയ മാരാർ തുടങ്ങി 50 പേരുടെ ഇലത്താളവും മച്ചാട് ഹരിദാസ്, ഉദയനാപുരം ഷിബു എന്നിവരുടെ 25ൽ അധികം കൊമ്പു സംഘവും പെരുവാരം സതീശൻ, കൊടകര അനൂപ്, കാലടി രാജേഷ്, പുതൂർക്കര ദീപു എന്നിവരുടെ 25 കുറുങ്കുഴൽ സംഘവും മേളത്തിനു കൊഴുപ്പേകും . കഴിഞ്ഞവർഷം 168ലധികം കലാകാരൻമാരാണു മേളത്തിൽ പങ്കെടുത്തത്. കഴിഞ്ഞ 11 വർഷമായി പവിഴമല്ലി തറ മേളത്തിന്റെ വാദ്യ സംയോജനം ചോറ്റാനിക്കര സത്യൻ നാരായണ മാരാരുടെ നേതൃത്വത്തിലാണ് നടന്നുവരുന്നത്