
സിനിമാരംഗത്തെ ലഹരിമരുന്ന് ഉപയോഗം എന്നും ചർച്ചയാണ്. പല ഗുണ്ടാസംഘങ്ങളുടേയും പ്രധാന വരുമാന സ്രോതസ്സ് മയക്കുമരുന്ന് ഇടപാടുകളാണെന്ന വെളിപ്പെടുത്തലുകളും പുറത്തു വരാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇരുകൂട്ടരും കൈകോർത്തിരിക്കുകയാണെന്നതാണ് കൊച്ചിയിൽ നിന്നുള്ള പുതിയ വിവരം. ഗുണ്ടാ നേതാവ് ഓംപ്രകാശ് നക്ഷത്ര ഹോട്ടലിൽ ലഹരി ഇടപാട് നടത്തിയ മുറിയിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും സന്ദർശിച്ചതെന്തിന്? ഇതാണ് സിറ്റി പൊലീസ് അന്വേഷിക്കുന്നത്.
മയക്കുമരുന്നിന്റെ മായിക ലോകം പിടിമുറുക്കുകയാണ്. ഉന്മാദലഹരിയുടെ വലയിൽ വീഴുന്ന യുവജനങ്ങളുടെ എണ്ണം കൂടി വരുന്നു. ദൗർഭാഗ്യവശാൽ, രാസലഹരിയുടെ ഒരു ഹബ്ബായി മാറിയിരിക്കുകയാണ് കൊച്ചി നഗരം. സിനിമാക്കാരുടേയും സിനിമാ മോഹികളുടേയും തൊഴിൽ അന്വേഷകരുടേയും തൊഴിൽ നേടിയവരുടേയും സഞ്ചാരികളുടേയുമെല്ലാം താവളമായതാകാം കാരണം. കൊച്ചിയിൽ സെപ്തംബറിൽ മാത്രം137 ലഹരിക്കേസുകളിലായി 153 പേർ അറസ്റ്റിലായെന്നത് സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. ഇരുചെവിയറിയാതെ നടക്കുന്ന ഇടപാടുകൾ വേറെയും. സിനിമയിലെ ലഹരി ഉപയോഗം കുറേ നാളുകളായി ചർച്ചകളിൽ ഉളളതാണ്. ഉഴപ്പും കരാർലംഘനവും മറ്റുമായി ചില താരങ്ങൾ പ്രശ്നം സൃഷ്ടിക്കുന്നത് നിർമ്മാതാക്കൾ തന്നെയാണ് ചൂണ്ടിക്കാട്ടിയത്. ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി, മുമ്പൊരു ലഹരിക്കേസിൽപ്പെട്ട ഷൈൻ ടോം ചാക്കോ തുടങ്ങിയവർ സംശയനിഴലിലായി. മയക്കുമരുന്നിന്റെ അമിത ഉപയോഗം കൊണ്ട് പല്ലു പൊടിയുന്ന നടന്നുണ്ടെന്നും തന്റെ മകനെ സിനിമാരംഗത്ത് കൊണ്ടുവരാൻ പേടിയാണെന്നും ടിനി ടോം വെളിപ്പെടുത്തിയത് കോളിളക്കമുണ്ടാക്കി. സിനിമാ ലൊക്കേഷനുകളിൽ റെയ്ഡും അന്വേഷണവും നടത്തുമെന്ന് പൊലീസും എക്സൈസും പ്രഖ്യാപിച്ചെങ്കിലും കാര്യമായൊന്നും സംഭവിച്ചില്ല. ബെംഗളൂരുവിൽ നിന്നും മറ്റും രാസലഹരിയെത്തിച്ച ചില ഛോട്ടാ സിനിമാ പ്രവർത്തകരെ പൊക്കിയത് മാത്രം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 206, 207 പേജുകളിൽ സിനിമാരംഗത്ത് ലഹരി ഉപയോഗം വ്യാപകമാണെന്നും തടയേണ്ടതാണെന്നും പരാമർശമുണ്ട്. നാലരവർഷം പൂഴ്ത്തിയ ശേഷം ഹേമ റിപ്പോർട്ട് പുറത്തു വന്നപ്പോൾ സാഹചര്യങ്ങൾ വീണ്ടും മാറി. ചലച്ചിത്രതാരങ്ങളും ഗുണ്ടാത്തലവന്മാരുമായുള്ള അവിശുദ്ധ ബന്ധമാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഓംപ്രകാശിന്റെ
പുതിയ റോൾ
കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ കഴിഞ്ഞ ദിവസം ലഹരിപ്പാർട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തേ തുടർന്നാണ് പൊലീസ് സംഘം അവിടെയെത്തിയത് കൊലക്കേസുകളിലടക്കം ആരോപണവിധേയനായ ഗുണ്ടാ, ക്വട്ടേഷൻ തലവൻ ഓംപ്രകാശിനെയാണ് അവിടെ കാണാൻ കഴിഞ്ഞത്. ഷിഹാസ് എന്നയാളും ഒപ്പമുണ്ടായിരുന്നു. ഇവരിൽ നിന്ന് ലഹരിമരുന്നായ കൊക്കെയ്ൻ കണ്ടെടുത്തു. ബോബി ചലപതി എന്നയാളുടെ പേരിലാണ് പ്രതികൾ മുറിയെടുത്തിരുന്നത്. ഇരുപതോളം പേർ ഇവിടെ വന്നു പോയിരുന്നു. ഇവരിൽ യുവനടൻ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാർട്ടിൻ എന്നിവരും ഉൾപ്പെട്ടിരുന്നതായാണ് പൊലീസിന് കിട്ടിയ വിവരം. 'ഹാ ഹാ ഹി ഹി ഹു ഹു ' എന്ന ഇൻസ്റ്റഗ്രാം പോസ്റ്റിട്ട് പ്രയാഗ ഈ വാർത്തകളെ പുഛിച്ചെങ്കിലും പൊലീസ് വിടുന്ന മട്ടില്ല. ശ്രീനാഥിനെ ചോദ്യം ചെയ്തു. പ്രയാഗയ്ക്കും ഹാജരാകാൻ നോട്ടീസ് നൽകി. ഓംപ്രകാശിന്റെ മുറിയിൽ ഫൊറൻസിക് പരിശോധന നടത്തി. ഇയാളുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിടാനും തീരുമാനിച്ചു. കുണ്ടന്നൂരിലെ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെക്കൂടാതെ റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള ഏതാനും പേരുടെ മൊഴിയും രേഖപ്പെടുത്തി. പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ ഓംപ്രകാശ് നടത്തിയത് ലഹരിപ്പാർട്ടി തന്നെയാണെന്നാണ് സൂചന. താരങ്ങൾ ഇവിടെ മണിക്കൂറുകളോളം ചെലവഴിച്ചതിന് തെളിവുണ്ട്. സംഭവ ദിവസം ഹോട്ടലിൽ പോയിരുന്നുവെന്ന് പ്രയാഗ സ്ഥിരീകരിച്ചിട്ടുണ്ട്. സുഹൃത്തിന്റെ സുഹൃത്തുക്കളെ കാണാനാണ് പോയത്. അൽപസമയം അവരുടെ മുറിയിൽ വിശ്രമിച്ചു. താൻ ലഹരി ഉപയോഗിക്കുന്ന ആളില്ലെന്നും പ്രയാഗ പറയുന്നു. ഏതായാലും കേസിൽ കൂടുതൽല്‍ അറസ്റ്റുകൾക്ക് സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
സെലിബ്രിറ്റി
ഷോകളിലും ലഹരി
കഴിഞ്ഞ വാരാന്ത്യത്തിൽ ബോൾഗാട്ടി പാലസിൽ നടന്ന ഡി.ജെ അലൻ വാക്കറുടെ സംഗീത പരിപാടിയും ക്രിമിനലുകളുടെ വിളയാട്ടം കൊണ്ട് കുപ്രസിദ്ധമായി. ആറായിരത്തോളം പേർ പങ്കെടുത്ത പരിപാടിക്കായി പൊലീസിന്റെ കർശന നിരീക്ഷണമുണ്ടായിട്ടും സദസിൽ കളവും കഞ്ചാവു കച്ചവടവും നടന്നു. പരിപാടി കാണാനെത്തിയവരുടെ 35 മൊബൈൽ ഫോണുകൾ മോഷണം പോയി. 21 ഐ ഫോണുകൾ ഉൾപ്പെടെയാണ് കളവ് പോയത്. പരാതികളിൽ മുളവുകാട് പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. മന:പൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ് മോഷണം നടന്നത്. ഇത്രയധികം ഫോണുകൾ ഒരുമിച്ച് നഷ്ടപ്പെട്ടതിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സിസിടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. അതിനിടെ, സംഗീതപരിപാടിക്ക് കഞ്ചാവുമായി എത്തിയ നാലു പേർ പിടിയിലാവുകയും ചെയ്തു. ആലപ്പുഴ സ്വദേശികളായ ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇത്തരത്തിൽ മെട്രോ നഗരമായ കൊച്ചിയിൽ നിരോധിത ലഹരി പിടിമുറുക്കുകയാണ്. പൊലീസ്, എക്സൈസ് സംവിധാനങ്ങൾ തന്ത്രങ്ങൾ മാറ്റിപ്പിടക്കേണ്ടതുണ്ട്. ഈ വിപത്തിന്റെ നിഴലായി ക്രിമിനൽ കുറ്റങ്ങളും പെരുകുന്നതിനാൽ ജനജാഗ്രതയും തുടരണം. അതിനെല്ലാമുപരി, ലഹരിക്കു പിന്നാലെ പായുന്നവർ അതിന്റെ ദൂഷ്യങ്ങൾ തിരിച്ചറിഞ്ഞു തിരിഞ്ഞുകയാണ് നിയന്ത്രണത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം.