കൊച്ചി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിനുള്ള കേന്ദ്രസഹായം വൈകരുതെന്ന് ഹൈക്കോടതി. സഹായം വൈകുന്നത് പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും വ്യക്തമാക്കി. 18ന് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകാമെന്ന് കേന്ദ്രസർക്കാരിനായി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എൽ.സുന്ദരേശൻ അറിയിച്ചു.
ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിലും വൈകാതെ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജസ്റ്റിസ് ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.
പുനരധിവാസ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിവരികയാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഭൂരിഭാഗം അപേക്ഷകളിലും തീരുമാനമെടുത്തു. അർഹതയില്ലാത്തവരെ അക്കാര്യം രേഖാമൂലം അറിയിക്കുന്നുണ്ട്. പുനരധിവാസത്തിനായി തിരഞ്ഞെടുത്ത രണ്ടു മേഖലകളുടെ വിശാദംശങ്ങളും സമർപ്പിച്ചു. പുനരധിവാസ മേഖലകളിൽ പരിസ്ഥിതിയെ ബാധിക്കുന്ന ഒരു പ്രവർത്തനവും പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു.
മാദ്ധ്യമങ്ങളെ നിയന്ത്രിക്കണം: സർക്കാർ
വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങളെ മാദ്ധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുകയാണെന്ന് സംസ്ഥാന സർക്കാർ
ദുരിതാശ്വാസ പ്രവർത്തകരുടെ മനോവീര്യം കെടുത്തുംവിധമുള്ള വാർത്തകൾക്ക് നിയന്ത്രണം വേണമെന്ന് അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ്
ദുരന്തനിവാരണത്തിന് സർക്കാർ തയ്യാറാക്കിയ എസ്റ്റിമേറ്റ് തുകയെ, ചെലവാക്കിയ തുകയെന്ന മട്ടിൽ മാദ്ധ്യമങ്ങൾ വാർത്ത നൽകി
അഭിപ്രായ സ്വാതന്ത്ര്യത്തെ
ചോദ്യം ചെയ്യാനാവില്ല: കോടതി
വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമങ്ങൾക്കുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനാവില്ലെന്ന് ഹൈക്കോടതി. ഭരണഘടനയുടെ അനുച്ഛേദം 19(2) ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യം അവർ വിനിയോഗിക്കട്ടെ
വിമർശനം കാര്യമാക്കാതെ, ഏറ്റെടുത്ത ദൗത്യം സർക്കാർ പൂർത്തിയാക്കുക. ഉന്നത ചുമതല വഹിക്കുന്നവർക്ക് വിമർശനങ്ങളോട് പ്രതികരിക്കുന്നതിൽ പരിമിതിയുണ്ട്. മാദ്ധ്യമങ്ങൾ കുറേക്കൂടി ഉത്തരവാദിത്വം കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
വിമർശനങ്ങൾ കാര്യമാക്കാതെ പുനരധിവാസ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം