കൂത്താട്ടുകുളം: തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുപ്പി, കുപ്പിച്ചില്ല്, ചെരുപ്പ്, ബാഗ്, ഇ - വേസ്റ്റ് എന്നിവ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറി. സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി തിരുമാറാടി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്ന ശുചിത്വം സുന്ദരം തിരുമാറാടി ക്യാമ്പയിന്റെ ഭാഗമായിട്ടാണ് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ കളക്ഷൻ പോയിന്റുകൾ നിശ്ചയിച്ച് ശേഖരിച്ച 12 ടണ്ണോളം പാഴ് വസ്തുക്കൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. പാഴ്‌വസ്തുക്കൾ കയറ്റിയുള്ള വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം ജോർജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ അനിത ബേബി, രമ എം. കൈമൾ, സാജു ജോൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ. രാജ്‌കുമാർ, ആലീസ് ബിനു, സുനി ജോൺസൻ, നെവിൻ ജോർജ്, ആതിര സുമേഷ്, സി.വി. ജോയ്, എം.സി. അജി, ബീന ഏലിയാസ്, സെക്രട്ടറി പി.പി. റെജിമോൻ, അസിസ്റ്റന്റ് സെക്രട്ടറി എസ്. സാബുരാജ്, ഹെഡ് ക്ലർക്ക് ബിനോയ് ബേബി, എച്ച്.ഐ ശ്രീകല ബിനോയ്, വി.ഇ.ഒ ആർ. പ്രിയരഞ്ജൻ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.