
കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന്റെ തൃപ്പൂണിത്തുറ ഗ്രൂപ്പിൽ ആർത്തവ അവധിയെ ചൊല്ലി തർക്കവും സമരവും. തിരുവാങ്കുളം സബ് ഗ്രൂപ്പിലെ ഒരു ക്ഷേത്രത്തിലെ ജീവനക്കാരനും മേലധികാരിയും തമ്മിലുള്ള യുദ്ധത്തിന്റെ തുടർച്ചയാണ് ആർത്തവ സമരം. ജീവനക്കാരനെ കൊണ്ട് നിർബന്ധിത അവധി എടുപ്പിച്ചപ്പോൾ ക്ഷേത്രത്തിലെ രണ്ട് താത്കാലിക വനിതാ ജീവനക്കാരുടെ ആർത്തവദിനങ്ങളിലെ അവധി സംബന്ധിച്ച് ഇയാൾ സമർപ്പിച്ച വിവരാവകാശമാണ് പ്രശ്നങ്ങളുടെ അടിസ്ഥാനം.
സ്ത്രീകളുടെ വ്യക്തിപരമായ വിവരങ്ങൾ നൽകാനാവില്ലെന്ന് പറഞ്ഞ് അപേക്ഷ നിരസിച്ചെങ്കിലും സ്ത്രീത്വത്തെ അപമാനിക്കുന്ന അപേക്ഷ സമർപ്പിച്ചതിന് ദിവസവേതനത്തിന് അടിച്ചുതളി, കഴകം ജോലി ചെയ്യുന്ന രണ്ട് ജീവനക്കാരികളും ചേർന്ന് ബോർഡിന് പരാതി നൽകി. ദേവസ്വം ഓഫീസറും ജീവനക്കാരനെതിരെ പരാതി സമർപ്പിച്ചു. ബോർഡിലെ ഇടതു യൂണിയനായ കൊച്ചിൻ ദേവസ്വം ബോർഡ് എംപ്ളോയീസ് ഓർഗനൈസേഷന്റെ (സി.ഡി.ഇ.ഒ) സജീവ പ്രവർത്തകനാണ് ജീവനക്കാരൻ.
നടപടി ആവശ്യപ്പെട്ട് സമരം
കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് സി.ഡി.ഇ.ഒ സ്വന്തം യൂണിയൻ അംഗത്തിനെതിരെ ഒക്ടോബർ 16ന് ദേവസ്വം തൃപ്പൂണിത്തുറ ദേവസ്വം അസി. കമ്മിഷണർ ഓഫീസിന് മുന്നിൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12ന് നടക്കുന്ന സമരത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും. സി.ഡി.ഇ.ഒ. തിരുവാങ്കുളം യൂണിറ്റും ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.
'മുടക്ക് " എന്ന ആർത്തവ അവധി
ക്ഷേത്രങ്ങളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് ആർത്തവദിനങ്ങളിൽ മാസം നാല് ദിവസം അവധി നൽകുന്ന പതിവ് കൊച്ചിൻ ദേവസ്വം ബോർഡിലുണ്ട്. 'മുടക്ക് " എന്നാണിതിനെ ബോർഡിൽ പറയുന്നത്. ശിവക്ഷേത്രങ്ങളിലാണെങ്കിൽ ഏഴ് ദിവസം വരെ അവധിയെടുക്കാം. സ്വന്തം ചെലവിൽ പകരം ആളെവയ്ക്കുകയോ ബന്ധുക്കൾ ഡ്യൂട്ടി ചെയ്യുകയോ വേണം. പിന്നീട് ഹാജർ പുസ്തകത്തിൽ ഒപ്പിടാൻ അനുവദിക്കുകയാണ് പതിവ്. ഈ പഴുതാണ് ജീവനക്കാരൻ ആയുധമാക്കിയത്.