കിഴക്കമ്പലം: എസ്.എച്ച്.ഒ ഇല്ലാതെ പ്രവർത്തനം താറുമാറായി കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ. നിലവിലുണ്ടായിരുന്ന എസ്.എച്ച്.ഒ മാറിയ ശേഷം പുതിയ നിയമനം നടത്തിയെങ്കിലും ഇതുവരെ ആളെത്തിയില്ല. ഇതോടെ ഒരു മാസമായി സ്റ്റേഷനിൽ നാഥനില്ലാത്ത അവസ്ഥയാണ്. തടിയിട്ടപറമ്പ് എസ്.എച്ച്.ഒയ്ക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്. എന്നാൽ കഞ്ചാവ് കേസുകളുടെ പ്രളയം മൂലം തടിയിട്ടപറമ്പ് സ്റ്റേഷനിൽ നിന്ന് തിരിയാൻ പറ്റാത്ത തിരക്കിലാണ് എസ്.എച്ച്.ഒ. ഇതോടെ കുന്നത്തുനാട്ടിലെ കാര്യങ്ങൾ ഒരു വഴിക്കായി. കുന്നത്തുനാട്ടിൽ എസ്.ഐ ആണ് ദൈനംദിന കാര്യങ്ങൾ നടത്തുന്നത്. എസ്.എച്ച്.ഒയുടെ ഔദ്യോഗിക സിമ്മും എസ്.ഐയുടെ സിമ്മും ചുമതലക്കാരനായ എസ്.ഐ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ ഇദ്ദേഹത്തെ പലപ്പോഴും വിളിച്ചാൽ കിട്ടാത്ത സ്ഥിതിയിലാണ്. സ്റ്റേഷൻ ഫോണിൽ വിളിച്ചാൽ കിട്ടാൻ സമയമേറെയെടുക്കും.

എസ്.എച്ച്.ഒമാർക്കിടയിൽ കുന്നത്തുനാടിന് ഹെവി സ്റ്റേഷനെന്ന ബഹുമതിയാണുള്ളത്. അതു കൊണ്ടു തന്നെ ആരും ഇങ്ങോട്ട് വരാൻ തയ്യാറല്ല. എസ്.എച്ച്.ഒ ഇല്ലാത്തതിൽ കേസ് അന്വേഷണം ക്രമസമാധാനം എന്നിവയെ ബാധിക്കുന്ന സ്ഥിതിയാണിപ്പോൾ. പ്രശ്നമെന്തെങ്കിലും സംഭവിച്ചാൽ സ്റ്റേഷനിൽ വിളിച്ചാൽ പൊലീസ് സമയത്ത് എത്തുന്നില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസം പട്ടിമ​റ്റം ജംഗ്ഷന് സമീപം വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായി. വിവരം അറിയിക്കാൻ ഒട്ടേറെ പ്രാവശ്യം ഫോണിൽ ബന്ധപ്പെട്ടിട്ടാണ് ലാൻഡ് ഫോണിൽ കോൾ ലഭ്യമായത്. തുടർന്ന് അര മണിക്കൂറിലേറെ കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. അടിയന്തര സാഹചര്യങ്ങളിലെത്തേണ്ട കൺട്രോൾ റൂം വാഹനവും യഥാസമയം ക്രമസമാധാന പ്രശ്നമുള്ള സ്ഥലത്തെത്താൻ വൈകുകയാണ്.

കുന്നത്തുനാട് സ്റ്റേഷന് കീഴിലുള്ള വില്ലേജുകൾ

കിഴക്കമ്പലം കുന്നത്തുനാട് മഴുവന്നൂർ ഐരാപുരം പട്ടിമ​റ്റം

നാട്ടിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ പൊലീസിൽ നിന്ന് അടിയന്തര സഹായം ലഭിക്കാത്ത സാഹചര്യമെന്ന് നാട്ടുകാർ അനധികൃത പണപ്പിരിവ്, അന്യായമായി ഭീഷണിപ്പെടുത്തൽ തുടങ്ങി ആരോപണങ്ങളും ചില പൊലീസുകാർക്കെതിരെ സ്‌കൂൾ സമയത്ത് അനധികൃതമായി പായുന്ന ടിപ്പറുകൾക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും പരാതി മണ്ണു മാഫിയകൾക്കെതിരായ നടപടികളും മെല്ലപ്പോക്കിലെന്ന് ആക്ഷേപം

കുന്നത്തുനാട് സ്റ്റേഷനിൽ എത്രയും വേഗം ഇൻസ്‌പെക്ടറെ നിയമിച്ച് ക്രമസമാധാനം ഉറപ്പു വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ റൂറൽ ജില്ലയിലെ സ്പെഷ്യൽ ഡ്യൂട്ടികൾക്കായി സ്റ്റേഷനിൽ നിന്ന് പ്രതിദിനം ആറു പൊലീസുകാരെ നിയോഗിക്കുന്നതോടെ ഉള്ളവരെ വച്ച് ക്രമസമാധാനം ഉറപ്പാക്കേണ്ട അവസ്ഥയെന്നാണ് പൊലീസുകാരുടെ പ്രതികരണം