മൂവാറ്റുപുഴ: ഒരു പ്രദേശത്തിന്റെ കുടിവെള്ള സ്രോതസും കൃഷിയ്ക്കും ആശ്രയിക്കുന്നുമായ മുളവൂർ തോട് സംരക്ഷിക്കാൻ ഒരു വർഷം മുമ്പ് പഞ്ചായത്ത് തയ്യാറാക്കിയ പദ്ധതി അട്ടിമറിച്ചതായി ആരോപണം. തോടിന്റെ സംരക്ഷണത്തിനായി 2023ൽ പായിപ്ര ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ പദ്ധതിയാണ് അട്ടിമറിച്ചിരിക്കുന്നത്. തോട് സംരക്ഷിക്കുന്നതിനായി പായിപ്ര പഞ്ചായത്തിലെ നാലാം വാർഡിലെ കുര്യംപുറം കലുങ്കിൽ നിന്ന് ആരംഭിച്ച് പെരുമറ്റം പാലം വരെയുള്ള ഭാഗം വരെ ഡി.പി.ആർ തയ്യാറാക്കുന്നതിനായി പഞ്ചായത്ത് 3 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇത് ടെൻഡർ ചെയ്യുകയും വർക്ക് എറ്റെടുത്ത ഏജൻസി ഡി.പി.ആർ തയ്യാറാക്കുന്നതിന് ഫണ്ട് അപര്യാപ്തമാണന്ന് ചൂണ്ടി കാണിച്ചതിനെ തുടർന്ന് റീ ടെൻഡർ ചെയ്യുന്നതിനായി 10 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാൽ പിന്നീട് പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രരംഭനടപടി എന്ന നിലയിൽ തോടിന്റെ ടോപ്പൊഗ്രാഫിക്കൽ സർവെ, ടോപ്പൊഗ്രാഫിക്കൽ സ്‌കെച്ച് എന്നിവ തയ്യാറാക്കുക, ആവശ്യമായ ഭാഗങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കുക, അടിഞ്ഞുകൂടിയ ഏക്കൽ നീക്കം ചെയ്യുക, തോടിന്റെ വശങ്ങളിൽ സൗന്ദര്യവത്കരണം നടത്തുക എന്നിവയ്ക്കാണ് ഡി.പി.ആർ തയ്യാറാക്കാൻ ലക്ഷ്യമിട്ടിരുന്നത്. നബാർഡ്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
ഇതിനിടെ പായിപ്ര പഞ്ചായത്ത് പ്രസിഡന്റിന്റെയും പദ്ധതി പ്രദേശത്തെ വാർഡ് മെമ്പർമാരുടെയും നേതൃത്വത്തിൽ മുളവൂർ തോടിന്റെ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി തോട് സംരക്ഷണ സമിതി രൂപീകരിച്ചിരുന്നു. എന്നാൽ തോട് സംരക്ഷണം എങ്ങുമെത്താതെ വന്നതോടെ പ്രദേശവാസികൾ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.