കൊച്ചി: മാനദണ്ഡം പാലിക്കാത്ത അറസ്റ്റുമായി ബന്ധപ്പെട്ടുള്ള മരട് സ്വദേശി എൻ. പ്രകാശിന്റെ കോടതിയലക്ഷ്യ ഹർജിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് തമിഴ്‌നാട് ഡി.ജി.പി ശങ്കർ ജിവാലിനെ ഹൈക്കോടതി ഒഴിവാക്കി. മറ്റൊരു സംസ്ഥാനത്തെ പൊലീസ് കേരളത്തിൽ അന്വേഷണത്തിനെത്തുമ്പോൾ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
തമിഴ്‌നാട് തെങ്കാശി പുളിങ്കുടി സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ജൂലായ് 28ന് രാത്രി മരടിലെ വീട്ടിൽ നിന്ന് സുപ്രീംകോടതിയുടെ മാർഗനിർദ്ദേശം പാലിക്കാതെതന്നെ അറസ്റ്റ് ചെയ്തുകൊണ്ടുപോയെന്നും തമിഴ്‌നാട് ഡി.ജി.പിക്കും പുളിങ്കുടി എസ്.എച്ച്.ഒയ്ക്കും എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ പറയുന്നു.
തനിക്ക് സംഭവത്തിൽ പങ്കില്ലെന്നും അറിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒന്നാം എതിർകക്ഷിയായ ഡി.ജി.പി ഇളവുതേടിയത്. ഡി.ജി.പിക്കായി മദ്രാസ് ഹൈക്കോടതി മധുരബെഞ്ച് അഡി. പബ്ലിക് പ്രോസിക്യൂട്ടർ എ. തിരുവടികുമാർ ഹാജരായി.
രണ്ടാം എതിർകക്ഷി പുളിങ്കുടി എസ്.എച്ച്.ഒ എം. ബാലകൃഷ്ണൻ അഭിഭാഷകനൊപ്പം കോടതിയിൽ ഹാജരായി. തുടർന്ന് എസ്.എച്ച്.ഒയെയും നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി. ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകാമെന്ന് അഭിഭാഷകൻ അറിയിച്ചു. ഹർജി വീണ്ടും 21ന് പരിഗണിക്കും.