മൂവാറ്റുപുഴ: ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന്റെ ആദ്യ സംസ്ഥാനതല സ്ഥലപരിശോധന ഇന്നലെ മൂവാറ്റുപുഴ ഇലാഹിയ കോളേജിൽ നടന്നു. കലാലയങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി, പാഠ്യപ്രവൃത്തികൾക്ക് ഭംഗം വരാതെ വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുക എന്ന ലക്ഷ്യം മുൻനിറുത്തിയുള്ള സർക്കാരിന്റെ പുതിയ പദ്ധതി പ്രകാരമാണിത്. ഇതുവഴി വിദ്യാർത്ഥികൾക്ക് വ്യാവസായിക രംഗത്ത് പ്രവൃത്തിപരിചയം, സംരംഭകത്വം, ജോലി സാദ്ധ്യത എന്നിവ വർധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കേരള സർക്കാർ ക്യാമ്പസ് വ്യവസായ പാർക്ക് ആരംഭിക്കുന്നത്. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി .എ നജീബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കിൻഫ്ര, വ്യവസായ വകുപ്പ്, സിഡ്കൊ, കെ.എസ്.ഐ.ഡി.സി, മലിനീകരണ നിയന്ത്രണ വകുപ്പ് എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരും ജില്ലാ ടൗൺ പ്ലാനർ, തഹസിൽദാർ, വില്ലേജ് ഓഫീസർ, യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ക്യാമ്പസ് വ്യവസായ പാർക്കുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കുകയും കോളേജിൽ നിലവിൽ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങളിൽ കമ്മിറ്റി തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഈ പാർക്കിന്റെ നടത്തിപ്പിലേയ്ക്കു വേണ്ടി 7.5 ഏക്കർ ഭൂമിയാണ് മാറ്റി വച്ചിരിക്കുന്നത്. മൂന്നു വർഷം കൊണ്ട് അഞ്ചു കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.