 
മൂവാറ്റുപുഴ: കീച്ചേരിപ്പടി - ഇരമല്ലൂർ റോഡിൽ നിരപ്പ് റേഷൻ കടപടിയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ഇന്നലെ രാവിലെ 9.30ഓടെയുണ്ടായ അപകടത്തിൽ ലോറിക്ക് സൈഡ് പറഞ്ഞു കൊടുക്കുകയായിരുന്ന ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് മടത്തികുന്നേൽ മോസസ് (50)ന്റെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. മണ്ടോത്തുപടിയിൽ തകരാറിലായി റോഡിന് സമീപം നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് എതിർ ദിശയിൽ നിന്ന് വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു. ലോറികൾക്കിടയിൽ കുടുങ്ങിയ മോസസിനെ മൂവാറ്റുപുഴ ഫയർഫോഴ്‌സെത്തിയാണ് രക്ഷപ്പെടുത്തിയത്. മോസസിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെയും ഫയർഫോഴ്‌സാണ് രക്ഷപ്പെടുത്തിയത്. മൂവാറ്റുപുഴ ഫയർ സ്റ്റേഷൻ ഓഫീസർ കെ.എൻ സതീശൻ, മുഹമ്മദ് ഇക്ബാൽ, സോജൻ ബേബി, ഐയൂബ്, ഒ.എം ഷീഹാബുദ്ദീൻ, രാഹുൽ, അർജുൻ, ജിത്തു എം .നായർ, അഭിനന്ദ് സി. കുമാർ, കെ.കെ. രാജു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.