ആലുവ: ആലുവ മണ്ഡലത്തിൽ കീഴ്മാട് പഞ്ചായത്തിലെ മഹിളാലയത്തും എടത്തല ചുണങ്ങംവേലിയിലും പുതുതായി അനുവദിച്ച ബാറുകളുടെ ലൈസൻസുകൾ റദ്ദാക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. ബാറുകൾ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള പരാതികൾ അന്വേഷിച്ച് നടപടിയെടുക്കാൻ എക്‌സൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് വിശദീകരിച്ചു.
ബാർ അനുവദിച്ച രണ്ടിടത്തും ആയിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകളും ആരാധനാലയങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന് എം.എൽ.എ ചൂണ്ടികാട്ടി. ചുണങ്ങംവേലിയിൽ ബാറിനെതിരായ സമരം നടക്കുന്നതിനിടെ മദ്യപൻ സമക്കാരെ ചീത്ത വിളിക്കുകയും ആക്രമിക്കുകയും ചെയ്ത സംഭവമുണ്ടായി. വസ്തുതകൾ കണക്കിലെടുത്ത് ബാറുകൾക്കുള്ള ലൈസൻസുകൾ റദ്ദാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.