
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ എറണാകുളം ജില്ലാ സിറ്റിംഗ്
നടന്നു. കമ്മിഷൻ അംഗം എ. സെയ്ഫുദ്ദീൻ ഹാജിയുടെ നേതൃത്വത്തിൽ ഹർജികൾ പരിഗണിച്ചു. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ മാനസികപീഡനങ്ങൾ നേരിടുന്നുവെന്ന കാലടി പ്ലാന്റേഷന്റെ കല്ലാല എസ്റ്റേറ്റ് ഡിവിഷൻ എഫ് ജീവനക്കാരന്റെ ഹർജിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മാനേജിംഗ് ഡയറക്ടർക്ക് കമ്മിഷൻ നിർദ്ദേശം നൽകി. ഇടമലയാർ ഇറിഗേഷൻ പദ്ധതിക്കായി ജലസേചന വകുപ്പ് ഏറ്റെടുത്ത ഭൂമിയിൽ നിന്ന് കുടിയിറക്കുന്നതിനെതിരെ മഞ്ഞപ്ര അമലാപുരം സ്വദേശി സമർപ്പിച്ച ഹർജിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ചീഫ് എൻജിനിയർക്ക് നിർദ്ദേശം നൽകി. സിറ്റിംഗിൽ പരിഗണിച്ച അഞ്ചിൽ രണ്ടെണ്ണം തീർപ്പാക്കി.