കൊച്ചി: സ്വഭാവ ദൂഷ്യമുള്ളവൾ എന്ന് മറ്റുളളവരോട് പറഞ്ഞതിനെ സ്ത്രീത്വത്തെ അപമാനിച്ചതായി കരുതാനാവില്ലെന്ന് ഹൈക്കോടതി. ഇതിന്റെ പേരിലെടുത്ത കേസ് ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കി. സ്വഭാവ ദൂഷ്യമുള്ളവളെന്ന് പരാതിക്കാരിയെ നേരിട്ട് വിളിച്ചില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എറണാകുളം പൂക്കാട്ടുപടി സ്വദേശികളായ ഐ.ജെ. ആൻസൺ, രാഹുൽ ജോർജ്, ഡൈവിൻ കുരുവിള എൽദോസ് എന്നിവർക്കെതിരെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലെ തുടർ നടപടികളാണ് റദ്ദാക്കിയത്.
ഹർജിക്കാരും പരാതിക്കാരിയും ഒരേ ഫ്‌ളാറ്റിലെ താമസക്കാരാണ്. മറ്റ് താമസക്കാരോടും കടക്കാരോടും സ്വഭാവദൂഷ്യമുള്ളവൾ എന്ന് പറഞ്ഞെന്ന പരാതിയിലാണ് സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തി കോടതിയിൽ പൊലീസ് അന്തിമ റിപ്പോർട്ട് നൽകിയത്.
റസിഡന്റ്സ് അസോസിയേഷനിലെ അഭിപ്രായ ഭിന്നതയാണ് സംഭവത്തിന് പിന്നിലെന്നും കോടതി നിരീക്ഷിച്ചു.