പെരുമ്പാവൂർ: മാസ്റ്റർ ട്രസ്റ്റ് പെൻഷൻ ഫണ്ട് സംബന്ധിച്ച കോടതിവിധി പ്രകാരം സർക്കാർ ഉത്തരവ് നടപ്പാക്കുക, മണിയാർ ജലവൈദ്യുതപദ്ധതി സ്വകാര്യകമ്പനിയ്ക്ക് കൈമാറുവാനുള്ള നീക്കം ഉപേക്ഷിക്കുക, ആധുനികവത്കരണത്തിലൂടെ പ്രവർത്തന ചെലവ് കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ഇ.ബി പെൻഷണേഴ്‌സ് കൂട്ടായ്മ വൈദ്യുതി ഭവനിൽ ജാഗ്രതാസദസ് സംഘടിപ്പിച്ചു.
കെ.എസ്.ഇ.ബി മുൻഡയറക്ടറും പെൻഷണേഴ്‌സ് കൂട്ടായ്മ സാങ്കേതിക സമിതി കൺവീനറുമായ എം. മുഹമ്മദാലി റാവുത്തർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെയിംസ് എം. ഡേവിഡ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എ.വി. വിമൽചന്ദ്, ലീഗൽ സമിതി കൺവീനർ വി.പി. രാധാകൃഷ്ണൻ, എൻ.ടി. ജോബ്, വി.കെ. രമേശ്, ഇ.പി. ശ്രീദേവി, ഗീത ആർ. നായർ, കെ.പി. പ്രദീപ്, പി.ജെ. ശിവദാസൻ, പി.എം. അബ്ദുൾ റഹിം എന്നിവർ സംസാരിച്ചു.