ആലുവ: കോഴിക്കോട് പയ്യോളിയിൽ നിന്നു ബുധനാഴ്ച വൈകിട്ട് കാണാതായ നാല് മദ്രസ വിദ്യാർത്ഥികളെ ആലുവയിൽ കണ്ടെത്തി. രാത്രി 11.30ന് ആലുവയിൽ ട്രെയിനിറങ്ങിയ ഇവർ മസ്ജിദിനു സമീപം വിശ്രമിച്ച ശേഷം ഇന്നലെ രാവിലെ നഗരം കാണാനിറങ്ങിയപ്പോൾ ഊബർ ടാക്‌സി ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അദ്ദേഹമാണ് സംശയം തോന്നി പൊലീസിനെ അറിയിച്ചത്. 15നും 17നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് നാലുപേരും. പയ്യോളി പൊലീസിൽ ഇവരെ കാണാതായതിനു കേസുണ്ട്. പയ്യോളി പൊലീസിനൊപ്പമെത്തിയ ബന്ധുക്കൾക്കൊപ്പം കുട്ടികളെ വിട്ടയച്ചു.
കഴിഞ്ഞ ദിവസം സിഗരറ്റ് വലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മദ്രസയിലെ അദ്ധ്യാപകൻ വിദ്യാർത്ഥികൾക്ക് താക്കീത് നൽകുകയും രക്ഷിതാക്കളുമായി വരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബുധനാഴ്ച ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് മദ്രസയിലെത്തിയ ശേഷമാണ് കുട്ടികളെ കാണാതായത്.