കൊച്ചി: എറണാകുളം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിനു മുന്നിൽ സ്വകാര്യ ബസിടിച്ചു വിദ്യാർത്ഥിനിയുടെ കൈയൊടിഞ്ഞു. ഇന്നലെ രാവിലെ സ്‌കൂളിനു മുന്നിലുണ്ടായ അപകടത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ലെന കെ. ലാലുവിനാണ് പരിക്കേറ്റത്. കലൂരിൽ നടക്കുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിപാടിയിൽ പങ്കെടുക്കാൻ രാവിലെ അച്ഛന്റെ ബൈക്കിലെത്തിയ കുട്ടിയെ 'മുല്ലക്കരയമ്മ" എന്ന ബസാണ് ഇടിച്ചത്.
എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സതേടിയ കുട്ടിക്ക് ശസ്ത്രക്രിയ വേണ്ടി വരും. വിദ്യാർത്ഥിനിയുടെ അച്ഛനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ഡയനാ സി.എ പൊലീസിന് പരാതി നൽകി.
സംഭവത്തെത്തുടർന്ന് രക്ഷകർത്താക്കളും അദ്ധ്യാപകരും ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചു. സ്‌കൂളിനു മുന്നിലൂടെ ബസുകൾ അശ്രദ്ധമായി ഓടിക്കുന്നതും സ്റ്റോപ്പിലല്ലാതെ നിർത്തുന്നതും മറ്റ് വാഹനങ്ങൾ സ്‌കൂളിനു മുന്നിൽ അനധികൃതമായി പാർക്ക് ചെയ്യുന്നതും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
എൽ.പി, യു.പി, ഹയർ സെക്കൻഡറി പി.ടി.എകൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡോ. സുമി ജോയി ഓലിയപ്പുറം, ഷിജു. കെ.പി, സിജു. പി.എൻ എന്നിവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ സാബു ജേക്കബ്, ഹെഡ്മിസ്ട്രസ് ആഷ. ടി, ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ഡയാന. സി.എ. എന്നിവർ പങ്കെടുത്തു. അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും രക്ഷകർത്താക്കളും പങ്കെടുത്തു. പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് സംയുക്ത സമിതി അറിയിച്ചിട്ടുണ്ട്.