കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ പുതിയ സംഘടനയ്ക്ക് യോഗം നടത്താൻ കളമശേരി പത്തടിപ്പാലം പി.ഡബ്ളിയു.ഡി റെസ്റ്റ്ഹൗസിൽ അനുമതി നൽകിയില്ലെന്ന് ആരോപണം. അനുമതി നിഷേധിച്ചത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരമാണെന്ന് അൻവർ ആരോപിച്ചു. ഇതേത്തുടർന്ന് അൻവറും സംഘവും റസ്റ്റ് ഹൗസ് മുറ്റത്ത് യോഗം ചേർന്നു.

വ്യാഴാഴ്ച വൈകിട്ട് താൻ നേതൃത്വം നൽകുന്ന ഡൊമാക്രാറ്റിക് മൂവ്‌മെന്റ് ഫോർ കേരള (ഡി.എം.കെ)യുടെ യോഗം നടത്താൻ റെസ്റ്റ് ഹൗസിലെ മിനി ഹാൾ അൻവർ ബുക്ക് ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷം മുറി നിഷേധിച്ചെന്നാണ് ആരോപണം.

ഹാൾ നിഷേധിച്ച നടപടി ഫാസിസമാണെന്ന് അൻവർ പ്രതികരിച്ചു. പൊലീസിനെ കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും പറഞ്ഞു.

സ്ഥലത്ത് വൻ പൊലീസ് സംഘവുമെത്തിയിരുന്നു. യോഗത്തിൽ മുസ്ലീം ലീഗ് മുൻ ജില്ലാ ജനറൽ സെക്രട്ടറി ഹംസ പറക്കാട്ട്, കളമശ്ശേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.എച്ച്. സുബൈർ എന്നിവരും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തു. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിൽ നിന്നുമുള്ളവരെ പങ്കെടുപ്പിച്ച് 18ന് എറണാകുളത്ത് വിപുലമായ യോഗം ചേരുമെന്നും അൻവർ അറിയിച്ചു.