പറവൂർ: ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരയ്ക്കുന്ന ചാത്തേടം ജലോത്സവം - 2024 നാളെ താണിയൻകടവിൽ നടക്കും. ചാത്തേടം ക്രിസ്‌തുരാജ ബോട്ട് ക്ലബാണ് സംഘാടകർ. എ ഗ്രേഡിൽ താണിയൻ, വെണ്ണക്കലമ്മ, ഗോതുരുത്തുപുത്രൻ, തുരുത്തിപ്പുറം, സെന്റ് സെബാസ്‌റ്റ്യൻ, പുത്തൻപറമ്പിൽ, പൊഞ്ഞനത്തമ്മ എന്നീ വള്ളങ്ങളും പമ്പാവാസൻ, വടക്കുംപുറം, മടപ്ലാതുരുത്ത്, മയിൽപ്പീലി, ഗോതുരുത്ത്, സെന്റ് സെബാസ്റ്റ്യൻ രണ്ടാമൻ, ജിബി തട്ടകൻ, ചെറിയപണ്ഡിതൻ എന്നിവ ബി ഗ്രേഡിൽ മത്സരിക്കും. രാവിലെ 9.30ന് പതാക ഉയർത്തും. തുടർന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ജലോത്സവം ഉദ്ഘാടനം ചെയ്യും. ക്രിസ്തു‌രാജ ബോട്ട് ക്ലബ് പ്രസിഡന്റ് ജോസി താണിയത്ത് അദ്ധ്യക്ഷനാകും. രാജീവ് രാജു ഫ്ലാഗ്‌ഓഫ് ചെയ്യും. ഇ.ടി. ടൈസൻ എം.എൽ.എ വിദ്യാഭ്യാസ പുരസ്‌കാര വിതരണം നടത്തും. ജേതാക്കൾക്ക് പുത്തൻവേലിക്കര പൊലീസ് ഇൻസ്പെക്‌ടർ സിദ്ദിഖ് അബ്‌ദുൽ ഖാദർ ട്രോഫി നൽകും. ഈ വർഷം എം.ബി.ബി.എസിന് പ്രവേശനം നേടിയ പത്ത് കുട്ടികൾക്ക് 10,000 രൂപ വീതം സ്കോളർഷിപ് തുരുത്തിപ്പുറം ഫാ. വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്‌റ്റ് നൽകും. വള്ളംകളിയിൽ പങ്കെടുക്കുന്ന 16 ഇരുട്ടുകുത്തി വള്ളങ്ങളിലെ 200 തുഴച്ചിൽക്കാരുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകും.