
കൊച്ചി: മത്സ്യലഭ്യത വർദ്ധിച്ചിട്ടും സംസ്ഥാനത്ത് ചെറുമീൻവേട്ട വ്യാപകം. ബോട്ടുകളിലും വള്ളങ്ങളിലുമെല്ലാം ചെറുമീനുകളെ പിടികൂടുന്നത് പതിവാക്കിയിരിക്കുകയാണ്. ഇതിൽ ഏറ്രവും കൂടുതൽ പിടിക്കുന്നത് ചാളയാണ്. ചെറുമീനുകളെ പിടിക്കരുതെന്ന് ഫിഷറീസ് വകുപ്പിന്റെ നിർദ്ദേശമുണ്ടെങ്കിലും ആരും കണക്കാക്കുന്നില്ല.
നിയമപ്രകാരമുള്ള പരിശോധനകൾ ഫിഷറീസ് വകുപ്പ് നടത്തുന്നുണ്ടെങ്കിലും വലിയ തോതിൽ ചെറുമീനുകളെ പിടിച്ചെടുക്കുന്നത് തുടരുന്നു.
ആഴക്കടൽ മത്സ്യത്തൊഴിലാളികൾക്ക് മറ്റുമീനുകളെയും വലിയ ചാളയെയും ലഭിക്കുമ്പോഴാണ് ഈ നിയമ ലംഘനം.
ചെറുമീനുകളെ പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പിഴയടക്കമുള്ള നടപടികൾ വകുപ്പ് സ്വീകരിക്കും. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മീനുകൾക്ക് 100 രൂപയോളം വില കൂടിയിട്ടുണ്ടെന്നും മത്സ്യക്കച്ചവടക്കാർ പറയുന്നു
അന്യസംസ്ഥാനത്തേക്ക്
ചെറുമീനുകളിൽ ഏറ്റവും കൂടുതൽ പിടികൂടുന്നത് ചാളയാണ്. ഇവ മത്സ്യത്തീറ്റ, കോഴിത്തീറ്റ എന്നിവ നിർമ്മിക്കുന്നതിനായി കിലോ 30 രൂപയ്ക്ക് അന്യസംസ്ഥാനത്തേക്ക് കയറ്റി അയയ്ക്കുന്നു. കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മീൻതീറ്റ നിർമ്മാണ യൂണിറ്റുകൾക്ക് അസംസ്‌കൃത വസ്തുവായി പോകുന്നത് കേരളത്തിൽ പിടിക്കുന്ന ചെറുമീനുകളാണ്. ഇത് എണ്ണയാക്കി മാറ്റിയ ശേഷം ബാക്കി വരുന്ന അവശിഷ്ടങ്ങളാണ് തീറ്റയ്ക്കായി ഉപയോഗിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ മത്സ്യത്തീറ്റ നിർമ്മിക്കുന്നതിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
മീനിന്റെ വലിപ്പം പ്രധാനം
സംസ്ഥാനത്ത് പിടിക്കുന്ന 55 ലധികം മത്സ്യങ്ങളുടെ കുറഞ്ഞ വലിപ്പം സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ഒമ്പത് സെന്റീമീറ്ററിൽ കുറഞ്ഞ വലിപ്പമുള്ള ചാളയെയും 14 സെന്റിമീറ്ററിൽ കുറഞ്ഞ വലിപ്പമുള്ള അയലയേയും പിടികൂടാൻ പാടില്ലെന്നാണ് നിയമം.
ചെറിയ മീനുകളെ ഇപ്പോൾ പിടികൂടിയാൽ അടുത്ത സീസണിൽ വലിയ മത്സ്യക്ഷാമം നേരിടും. പ്രത്യേകിച്ച് ചാളയുടെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഇത് വലിയ ദോഷം ചെയ്യും.
മീൻവില
ചെറിയ ചാള- 100 രൂപ
വലിയ ചാള- 380
വറ്റ- 460
ആവോലി- 700
ചെറുമീൻ പിടുത്തത്തിനെതിരെ ശക്തമായ പരിശോധന നടത്തണം. ചെറുചാളകളെയാണ് കൂടുതലായും പിടികൂടുന്നത്. ഇത് വലിയ ദോഷം ചെയ്യും
ചാൾസ് ജോർജ്
സംസ്ഥാന പ്രസിഡന്റ്
മത്സ്യത്തൊഴിലാളി ഐക്യവേദി
കേരളത്തിൽ നിന്ന് തന്നെ വലിയ മീനുകളുമെത്തുന്നുണ്ട്. എന്നാൽ വിലയും വർദ്ധിച്ചിട്ടുണ്ട്. ചെറിയ മത്തിയും ഇതിനോടൊപ്പം എത്തുന്നുണ്ട്
ഷിനു
സീഫ്രഷ് ഉടമ
വൈറ്റില