
കൊച്ചി: വൃത്തിഹീനമായ ടോയ്ലറ്റ്, തകർന്ന ഇരിപ്പിടങ്ങൾ, പൊളിഞ്ഞുവീഴാറായ കെട്ടിടം, ഒറ്റമഴയിൽ വെള്ളക്കെട്ടാവുന്ന പരിസരം..എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്ന് കേൾക്കുമ്പോൾ യാത്രക്കാരുടെ മനസ്സിൽ വരുന്ന ചിത്രം ഇതാവും. എന്നാൽ, ഇതിന് അടിമുടി മാറ്റം വരുത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. കെ.എസ്.ആർ.ടി.സി സ്റ്രാൻഡും പരിസരവും മോടി പിടിപ്പിക്കാനുള്ള ഒരുക്കം ആരംഭിച്ചു. പെയിന്റടിച്ചും ഇരിപ്പിടങ്ങളും കാത്തിരിപ്പ് കേന്ദ്രവും നന്നാക്കിയും സ്റ്റാൻഡിനെ പുത്തനാക്കും. പോക്കറ്റടിയും മോഷണവും ഒഴിവാക്കാൻ രാത്രിയിൽ സ്റ്റാൻഡും പരിസരവും പ്രകാശപൂരിതമാക്കും.
വരും എ.സി കാത്തിരിപ്പ് കേന്ദ്രം
സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിൽ അപൂർവമായിട്ടുള്ള എ.സി വെയിറ്റിംഗ് ഹാൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ. സി.എസ്.ആർ ഫണ്ട് ലഭ്യമാക്കുന്ന കാര്യം കെ.എസ്.ആർ.ടി.സി അധികൃതർ സംസാരിച്ചിട്ടുണ്ട്.
വെള്ളക്കെട്ട് ഒഴിവാക്കാൻ സ്റ്റാൻഡ് മണ്ണിട്ട് ഉയർത്തുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. വെള്ളം കയറാത്ത രീതിയിൽ ഉയർത്തി ചുറ്റുമതിൽ കെട്ടും. ടി.ജെ. വിനോദ് എം.എൽ.എ 55 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന് കളക്ട്രേറ്റിൽ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതി ആരംഭിക്കും.
സ്റ്റാൻഡും പരിസരവും വൃത്തിയാക്കി പെയിന്റ് ചെയ്ത് നവീകരിക്കും.
നിലവിൽ സ്റ്റാൻഡിലെ ഇരിപ്പിടങ്ങൾക്കായി ഉപയോഗിച്ചിരിക്കുന്നത് ബസിന്റെ സീറ്റുകളാണ്. ഇവ മാറ്റി പുതിയ ബഞ്ചുകൾ സ്ഥാപിക്കും.
തകർന്ന് കിടക്കുന്ന ടോയ്ലെറ്റുകളെല്ലാം നന്നാക്കി എടുക്കും.
ചെറിയ പൂന്തോട്ടം ഒരുക്കും. ഇവയ്ക്കായി വിവിധ സി.എസ്.ആർ ഫണ്ട് ഉപയോഗിക്കും.
നിലവിൽ കെ.എം.ആർ.എല്ലിന്റെ നേതൃത്വത്തിൽ 12 ഫ്ലഡ് ലൈറ്റ്, എൽ.ഇ.ഡി ലൈറ്റ് എന്നിവ സ്ഥാപിച്ചിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി സ്റ്രാൻഡ് മണ്ണിട്ട് ഉയർത്തി നവീകരിക്കുന്ന പ്രർത്തനം ഉടൻ ആരംഭിക്കാൻ കഴിയും. അടുത്ത മാസം പുതിയ ടെർമിനലിന്റെ നിർമ്മാണവും ആരംഭിക്കും. സ്റ്രാൻഡിന്റെ ശോചനീയവസ്ഥ മാറ്റിയെടുക്കുകയാണ് ഉദ്ദേശം
ടി.ജെ. വിനോദ്
എം.എൽ.എ
വിവിധ സി.എസ്.ആർ ഫണ്ട് കണ്ടെത്തിയാണ് സ്റ്റാൻഡ് നവീകരിക്കാൻ ലക്ഷ്യമിടുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ സി.എസ്.ആർ ഫണ്ട് ലഭ്യമാകുന്ന കാര്യം വ്യക്തമാകും.
ടോണി കോശി
ഡി.ടി.ഒ