roopatha

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ ഭരണസമിതി (കൂരിയ)യുമായി സഹകരിക്കില്ലെന്ന് വൈദികരുടെ യോഗം പ്ര്യഖ്യാപിച്ചു. ഭാവി നടപടിക്ക് 15 അംഗ സംഘത്തെയും നിയോഗിച്ചു. വൈദികരും വിശ്വാസികളും ബിഷപ്പ് ഹൗസിൽ പ്രവേശിക്കുന്നത് പൊലീസിനെ ഉപയോഗിച്ച് തടയുന്നത് മനുഷ്യത്വരഹിതമാണ്. സെന്റ് മേരീസ് ബസലിക്കയിൽ ചേർന്ന യോഗത്തിൽ 300 ഓളം വൈദികർ പങ്കെടുത്തതായി അതിരൂപതാ സംരക്ഷണ സമിതി വക്താവ് ഫാ. ജോസ് വൈലിക്കോടത്ത് പറഞ്ഞു. ഫാ. സെബാസ്റ്റ്യൻ തളിയൻ അദ്ധ്യക്ഷത വഹിച്ചു.

 തീരുമാനങ്ങളും ആവശ്യങ്ങളും

1. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂർ ഉൾപ്പെടെ പുറപ്പെടുവിക്കുന്ന സർക്കുലറുകളും നിർദ്ദേശങ്ങളും അംഗീകരിക്കില്ല.

2. പ്രശ്നങ്ങൾ പരിഹരിക്കും വരെ ഇടവകപള്ളികൾ ഫീസുകളും പിരിവുകളും അതിരൂപതയ്‌ക്ക് നൽകില്ല. 3. ബിഷപ്പ് ബോസ്കോ പുത്തൂർ രാജിവയ്ക്കണമെന്നും യോഗം പ്രമേയത്തിലൂ‌ടെ ആവശ്യപ്പെട്ടു.

4. രൂപതയുടെ സ്വത്തുക്കൾ അന്യാധീനപ്പെടുത്താൻ ശ്രമിച്ചാൽ നിയമനടപടി സ്വീകരിക്കും.

5. പഠനം പൂർത്തിയാക്കിയ എട്ടുപേർക്ക് അർഹതപ്പെട്ട വൈദികപ്പട്ടം ഉടൻ അനുവദിക്കണം.

6. കൂരിയയിൽ പ്രധാനപദവികൾ ലഭിച്ചവർ ഭൂമിയിടപാടിലും കൊവിഡ് കിറ്റ് വിതരണത്തിലും ആരോപണവിധേയരാണ്. ധാർമ്മികത തൊട്ടുതീണ്ടാത്ത കൂരിയ അംഗങ്ങളെ അംഗീകരിക്കില്ല.

 സ്ഥലമിടപാടിൽ ദുഷ്‌പ്രചാരണം

വൈദികപ്പട്ടം നൽകലും സ്ഥലമിടപാടിലെ നഷ്ടം നികത്തലും തമ്മിൽ ബന്ധിപ്പിച്ച് വൈദികർ പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധമാണെന്ന് സഭാ മീഡിയ കമ്മിഷൻ അറിയിച്ചു. സ്ഥലമിടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സർക്കാർ ഉത്തരവുപ്രകാരം അന്വേഷിച്ച പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയതാണ്. കർദ്ദിനാളിനെ കുറ്റക്കാരനാക്കാൻ വ്യാജരേകൾ ചമച്ചതിന് മൂന്നു വൈദികർക്കെതിരെ പൊലീസ് കേസുണ്ട്. സ്ഥലമിടപാടിൽ തുടർച്ചയായ നുണ പ്രചാരണമാണ് നടക്കുന്നതെന്ന് സഭ അറിയിച്ചു.

 വൈദികർ വെല്ലുവിളിക്കുന്നു

വൈദികർ മാർപ്പാപ്പയെയും സിറോമലബാർ സിനഡിനെയും അതിരൂപതാ ഭരണസമിതിയെയും വെല്ലുവിളിക്കുകയാണെന്ന് മാർതോമ്മ നസ്രാണിസംഘം ആരോപിച്ചു.

അച്ചടക്കനടപടികൾ ആരംഭിക്കാൻ അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റർക്ക് മാർപ്പാപ്പ നൽകിയ നിർദ്ദേശപ്രകാരമാണ് അതിരൂപത ഭരണസമിതി പുന:സംഘടിപ്പിച്ചത്. സഭയോടൊപ്പമുള്ള വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.

റെജി ഇളമത, സേവ്യർ മാടവന, ചെറിയാൻ കവലയ്ക്കൽ, ജോമോൻ ആരക്കുഴ, ആന്റണി പുതുശേരി, റോബിൾ മാത്യു, ടെൻസൻ പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.