കൊച്ചി: അന്തർജില്ലാ സ്ഥലംമാറ്റത്തിനായി എറണാകുളം ജില്ലയിൽ ആദ്യമുണ്ടാകുന്ന ഒഴിവിലേക്ക് 75 ശതമാനം കാഴ്ചവെല്ലുവിളി നേരിടുന്ന ഹൈസ്‌കൂൾ അദ്ധ്യാപികയുടെ അപേക്ഷ പരിഗണിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.
കോഴിക്കോട് കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ജോലിചെയ്യുന്ന ആലുവ സ്വദേശി സ്റ്റെല്ലാ മരിയ തോമസിന്റെ ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.
2013ൽ ജോലിക്കുകയറിയ ഹർജിക്കാരി 2020 മുതൽ സ്ഥലംമാറ്റത്തിന് അപേക്ഷ നൽകിയെങ്കിലും തള്ളി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽനിന്ന് അനുകൂല വിധിയുണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഓരോ വർഷമുണ്ടാകുന്ന ഒഴിവിന്റെ 10ശതമാനമാണ് അന്തർജില്ലാ ട്രാൻസ്ഫർ അനുവദിക്കുന്നതെന്നും ഇത് മൊത്തം കേഡർ സ്‌ട്രെംഗ്തിന്റെ 10ശതമാനത്തിനുള്ളിൽ നിൽക്കണമെന്നാണ് സർക്കാർ മാനദണ്ഡമെന്നും എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹൈക്കോടതിയിൽ അറിയിച്ചു. 2023ലെ സ്ഥലംമാറ്റ പട്ടികയിൽ ഹർജിക്കാരി ഒന്നാംറാങ്കായിരുന്നെങ്കിലും അനുവദിക്കാനായില്ലെന്നും വ്യക്തമാക്കി.
എന്നാൽ ഓരോവർഷവും ഒഴിവുകളുടെ 10ശതമാനം ക്വാട്ട അന്തർജില്ലാ സ്ഥലംമാറ്റത്തിനായി നിശ്ചയിച്ചതിന് പുറമേ കേഡർ സ്‌ട്രെംഗ്തിന്റെ 10 ശതമാനത്തിൽ കൂടുതൽ പാടില്ലെന്ന നിബന്ധനവച്ചത് വിവേചനവും അവസരനിഷേധവും നീതികരിക്കാനാവാത്തതുമാണെന്ന് കോടതി വിലയിരുത്തി. അന്തർജില്ലാ സ്ഥലംമാറ്റം ലഭിച്ചവർ വിരമിക്കുന്നതുവരെയോ കേഡർ സ്‌ട്രെംഗ്ത് 150 ആയി വർദ്ധിക്കുന്നതുവരെയോ ഹർജിക്കാരി കാത്തിരിക്കേണ്ടിവരും. 2023 ൽ തന്നെ ഹർജിക്കാരിക്ക് സ്ഥലംമാറ്റം നൽകേണ്ടതായിരുന്നെന്നും കോടതി പറഞ്ഞു.