y

തൃപ്പൂണിത്തുറ: പലവിധ ആവശ്യങ്ങൾക്കായി സാധാരണക്കാർ കയറിയിറങ്ങുന്ന തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷനിൽ ശുദ്ധജലം കിട്ടാതായിട്ട് രണ്ടാഴ്ച! കുടിവെള്ളത്തിനും അവശ്യകാര്യങ്ങൾക്കുമായി വെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ് ജീവനക്കാർ. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഉൾപ്പെടെ നാല് നിലകളിലായി സബ് ട്രഷറി, റീജിനൽ ട്രാൻസ്പോർട്ട് ഓഫീസ്, എക്സൈസ് ഓഫീസ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, സെയിൽസ് ടാക്സ് ഓഫീസ്, ഭൂപരിഷ്കരണ സ്പെഷ്യൽ തഹസിൽദാർ ഓഫീസ്, ക്ഷീര വികസന ഓഫീസ്, കൃഷിഭവൻ, താലൂക്ക് വ്യവസായ ഓഫീസ്, സപ്ലെെ ഓഫീസ്, മൈനർ ഇറിഗേഷൻ എന്നീ പ്രമുഖ സർക്കാർ ഓഫീസുകളാണ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്. വീട്ടിൽ നിന്ന് നിറച്ച വെള്ളക്കുപ്പികളുമായാണ് പലരും ഓഫീസിലെത്തുന്നത്. പലതവണ പരാതിപ്പെട്ടിട്ടും നടപടി ഇല്ലെന്ന് ജീവനക്കാർ പറയുന്നു.

മോട്ടോർ പ്രവർത്തനരഹിതം

കോമ്പൗണ്ടിലെ പൊതുകിണറ്റിൽ നിന്ന് ഓവർ ഹെഡ് ടാങ്കിലേക്ക് വെള്ളം പമ്പു ചെയ്യുന്ന മോട്ടോർ കേടായിരുന്നു. മൂന്നു മാസം മുമ്പാണ് അത് പുന:സ്ഥാപിച്ചത്. എന്നാൽ ഇപ്പോൾ അത് വീണ്ടും പ്രവർത്തിക്കാതായി. പൊതുകിണറിന്റെ പരിസരമാകട്ടെ വൃത്തിഹീനമാണ്. കിണറ്റിലെ വെള്ളവും അഴുക്ക് നിറഞ്ഞ് കുടിക്കാൻ യോഗ്യമല്ല.

സമുച്ചയത്തിലെ ശുചിമുറികളിൽ ഒരു തുള്ളി പോലും വെള്ളമില്ലാത്തതിനാൽ ഓഫീസുകളിൽ ജോലി ചെയ്യുന്ന അംഗബലത്തിൽ കൂടുതലുള്ള വനിതാ ജീവനക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. സമീപത്തെ ഗേൾസ് ഹൈസ്കൂളിലെ ശുചിമുറിയാണ് പലരും ഉപയോഗിക്കുന്നത്.