കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയുടെ വജ്രജൂബിലി ആഘോഷം തുടങ്ങി. അതിരൂപത ബിഷപ്പ് എമരിറ്റസ് മാർ തോമസ് ചക്യത്ത് ജൂബിലി തിരിതെളിച്ചു. കാർഡിനൽ പാറേക്കാട്ടിൽ ഹാളിൽ ചേർന്ന ജൂബിലിസമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. സ്‌നേഹത്തിൽ അധിഷ്ഠിതമായ സാമൂഹ്യ സേവനപ്രവർത്തനങ്ങളാണ് മനുഷ്യനെ മനുഷ്യനാക്കുന്നതെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ മാർ തോമസ് ചക്യത്ത് പറഞ്ഞു. വജ്രജൂബിലിവർഷ കർമ്മപദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മനോജ് മൂത്തേടൻ പ്രകാശിപ്പിച്ചു. വനിതകളുടെ ആരോഗ്യവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന സുസ്മിതം പദ്ധതിയുടെ ഉദ്ഘാടനം സിനിമാ, സീരിയൽ താരം നിഷാ സാരംഗ് നിർവഹിച്ചു.
സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, മുൻ ഡയറക്ടർമാരായ ഫാ. പോൾ മൂഞ്ഞേലി, ഫാ. തോമസ് വൈക്കത്തുപറമ്പിൽ, ഫാ. പോൾ ചെറുപിള്ളി, റീജിയണൽ ഡയറക്ടർ ഫാ. ആന്റണി ഇരവിമംഗലം, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, കെയർ ആൻഡ് സേഫ് എം.ഡി ആർ. വൈദ്യനാഥൻ, ബോർഡ് അംഗങ്ങളായ ഡോ. കെ. വി. റീത്താമ്മ, സിജോ പൈനാടത്ത് എന്നിവർ സംസാരിച്ചു.